ഓണ്ലൈന് പഠനത്തിനായി മൊബൈല്ഫോണ് സൗകര്യമില്ലാത്ത പട്ടികജാതി, പട്ടികവര്ഗ വിദ്യാര്ഥികള്ക്ക് കൈറ്റില്നിന്നുള്ള ലാപ്‌ടോപ്പുകള് ലഭ്യമാക്കാന് ആവശ്യമായ നടപടികള് വേഗത്തിലാക്കാന് ജില്ലാ കലക്ടര് മൃണ്മയി ജോഷി ജില്ലാ വികസന സമിതി യോഗത്തില് നിര്ദ്ദേശം നല്കി. ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന് നല്കിയ അപേക്ഷയിന്മേല് അനുമതി ലഭിച്ചാല് ഉടന് ലാപ്‌ടോപ്പുകള് വിതരണം ചെയ്യുമെന്ന് ഒറ്റപ്പാലം സബ് കലക്ടര് ശിഖാ സുരേന്ദ്രന് പറഞ്ഞു. കൂടാതെ അട്ടപ്പാടിയില് ഓണ്ലൈന് ക്ലാസിന് തടസ്സം നേരിടുന്നതിനാല് നെറ്റ്വര്ക്ക് ലഭ്യമാക്കാന് ബിഎസ്എന്എല്ലിന് ജനറല് മാനേജര് മുഖേനയാണ് ഇതിനാവശ്യമായ പ്രൊപ്പോസല് അതത് ഏജന്സികള്ക്ക് നല്കിയിരിക്കുന്നതെന്ന് സബ് കലക്ടര് അറിയിച്ചു.
സിറ്റി ഗ്യാസ് പൈപ്പ് ലൈനിലൂടെ നവംബര് അവസാനത്തോടെ കഞ്ചിക്കോട് വ്യവസായ മേഖലയിലേക്ക് ഗ്യാസ് വിതരണം ആരംഭിക്കാന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിറ്റി ഗ്യാസ് അധികൃതര് അറിയിച്ചു. കല്ലേക്കാട്, കൂറ്റനാട് സിഎന്ജി സ്റ്റേഷനുകള് അടുത്ത ആഴ്ചക്കുള്ളില് പ്രവര്ത്തനമാരംഭിക്കും. മാര്ച്ചിനുള്ളില് ജില്ലയില് 16 സിഎന്ജി സ്റ്റേഷനുകള് ആരംഭിക്കുമെന്നും അധികൃതര് അറിയിച്ചു. നാഷണല് ഹൈവേ അതോറിറ്റിയില് നിന്നുള്ള അനുമതി ലഭിച്ചാലുടന് പൈപ്പ് ലൈന് ഇടുന്ന ജോലികള് ആരംഭിക്കും. അനുമതിക്ക് ആവശ്യമായ നടപടികള് സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര് അറിയിച്ചു.
കര്ഷകര്ക്ക് മാങ്ങ സംഭരിക്കുന്നതിനായി ആരംഭിക്കുന്ന കോമണ് ഫെസിലിറ്റി സെന്ററിന്റെ വിശദമായ പ്രൊജക്ട് തയ്യാറാക്കിയിട്ടുള്ളതായി പ്രിന്സിപ്പല് കൃഷി ഓഫീസര് അറിയിച്ചു. ആദിവാസി ഊരുകളിലെ വന്യമൃഗ ആക്രമണം കുറയ്ക്കുന്നതിന്റെ ഭാഗമായി പഴവര്ഗങ്ങള് സംഭരിച്ച് ഹോര്ട്ടികള്ച്ചര് മുഖേന വില്പ്പന നടത്തുന്നതിന്റെ സാധ്യത പരിശോധിക്കാന് സബ് കലക്ടര് ശിഖാ സുരേന്ദ്രന്റെ നേതൃത്വത്തില് യോഗം ചേരാന് ജില്ലാ കലക്ടര് നിര്ദേശിച്ചു. കുടുംബശ്രീ തൊഴില് രംഗത്ത് പട്ടികജാതി വനിതകള്ക്ക് കൂടുതല് പ്രാമുഖ്യം നല്കുന്നതിന് 23 വുമണ് കണ്സ്ട്രക്ഷന് ഗ്രൂപ്പ്, മൂന്ന് യൂത്ത് കണ്സ്ട്രക്ഷന് ഗ്രൂപ്പ് എന്നിവയുണ്ടെന്ന് കുടുംബശ്രീ ജില്ലാ കോഡിനേറ്റര് അറിയിച്ചു.
നവകേരള മിഷന് അവലോകനം
ഹരിതകേരളം
നഗരസഭയില് മാലിന്യം, കന്നുകാലി ശല്യം, ഇതുമൂലമുള്ള വാഹന അപകടങ്ങള് എന്നിവയ്‌ക്കെതിരെ നടപടി എടുക്കണമെന്ന് വി കെ ശ്രീകണ്ഠന് എം.പി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില് വാര്ഡ്തല ശുചിത്വ സമിതിയുടെ പ്രവര്ത്തനത്തിനായി വിവരശേഖരണം ആരംഭിച്ചതായി ഹരിത കേരളം മിഷന് ജില്ലാ കോഡിനേറ്റര് വൈ. കല്യാണ കൃഷ്ണന് അറിയിച്ചു. കൂടാതെ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മാത്രമേ കന്നുകാലി ശല്യവും ഇതുമൂലമുള്ള വാഹനാപകടങ്ങളും കുറയ്ക്കാനാകൂവെന്നും ജില്ലാ കോഡിനേറ്റര് അറിയിച്ചു.
റെഡ് സ്‌പോട്ടുകളായി പ്രഖ്യാപിച്ച മേപ്പറമ്പ്, വലിയങ്ങാടി, ബി.ഒ.സി റോഡ്, കല്മണ്ഡപം, ഒലവക്കോട് എന്നിവിടങ്ങളിലെ മാലിന്യം നീക്കം ചെയ്ത് നിരീക്ഷണ ക്യാമറകള് സ്ഥാപിച്ചിട്ടുണ്ട്.
നഗരസഭയുടെ ഒരു വാര്ഡില് മൂന്നു പേര് എന്ന രീതിയില് ഹരിതകര്മ്മ സേനയെ വിന്യസിച്ചിട്ടുണ്ട്. വീടുകളില് നിന്നുള്ള മാലിന്യ ശേഖരണം ഓഗസ്റ്റിനുള്ളില് 80% ആകുമെന്ന് കോര്ഡിനേറ്റര് അറിയിച്ചു.
നഗരസഭാ പരിധിയിലെ ഡ്രെയിനേജ് , ഗാര്ബേജ് ഡംപിങ് യൂണിറ്റ്, കാന എന്നിവ വൃത്തിയാക്കിതായി നഗരസഭാ സെക്രട്ടറി അറിയിച്ചു.
ലൈഫ് മിഷന്
ലൈഫ് മിഷന് ഒന്നാംഘട്ടത്തില് 94.24 ശതമാനവും രണ്ടാംഘട്ടത്തില് 91.52 ശതമാനവും മൂന്നാംഘട്ടത്തില് ഭൂമി ലഭിച്ച വിഭാഗത്തില് 1295 പേര്ക്കും ഭൂമിയും വീടും ഇല്ലാത്ത 517 പേര്ക്കും വീടുകള് പൂര്ത്തിയായി. കൂടാതെ ലൈഫ് മിഷന് രണ്ടാംഘട്ടത്തില് അധികമായി ലഭിച്ച അപേക്ഷകളില് ഏഴു വീടുകള് കൂടി പൂര്ത്തിയായതായി ലൈഫ് മിഷന് ജില്ലാ കോഡിനേറ്റര് അറിയിച്ചു.
ആര്ദ്രം
ജില്ലയിലെ 41 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില് മൂന്നെണ്ണം കൂടി സര്ക്കാരിന്റെ നൂറുദിന കര്മ്മ പരിപാടിയില് ഉള്പ്പെടുത്തി സെപ്തംബര് 15 നകം നിര്മാണം പൂര്ത്തിയാക്കുമെന്ന് ആര്ദ്രം മിഷന് ജില്ലാ കോഡിനേറ്റര് അറിയിച്ചു. നിലവില് 31 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള് പ്രവര്ത്തനം ആരംഭിച്ചിട്ടുണ്ട്.
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
31 സ്‌കൂളുകളുടെ നിര്മാണം നിലവിലെ നിര്വഹണ ഏജന്സിയില് നിന്നും കിലയിലേക്ക് കൈമാറിയിട്ടുണ്ട്. കിഫ്ബിയില് നിന്നുള്ള മൂന്ന് കോടിയുടെയും അഞ്ചു കോടിയുടെയും ഫണ്ട് അനുവദിച്ച കെട്ടിടങ്ങളുടെ നിര്മാണം പുരോഗമിക്കുന്നതായി ജില്ലാ കോഡിനേറ്റര് അറിയിച്ചു.