ആലപ്പുഴ: അച്ഛന് കൈത്താങ്ങായ മകളുടെ വിവാഹത്തിന് സഹായ ഹസ്തമേകി മുഖ്യമന്ത്രി പിണറായി വിജയന്‍. ചേര്‍ത്തല സ്വദേശി മുള്ളഞ്ചിറ നികര്‍ത്തില്‍ വിനോദിന്റെ മകള്‍ വിസ്മയയുടെ വിവാഹത്തിനാണ് മുഖ്യമന്ത്രിയുടെ അപ്രതീക്ഷിത സഹായമെത്തിയത്. 2007ല്‍ മരംമുറിക്കുന്ന ജോലിക്കിടെയുണ്ടായ അപകടത്തില്‍പ്പെട്ട് ഇദ്ദേഹത്തിന്റെ അരയ്ക്ക് താഴേക്ക് തളര്‍ന്നിരുന്നു. വിവാഹ വാര്‍ത്ത മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇവിടെയെത്തി ധനസഹായം കൈമാറാന്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടറിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

അപകടത്തില്‍ വിനോദിന്റെ നാഡീ ഞരമ്പിന് ഗുരുതരമായി പരിക്കേറ്റ് അരയ്ക്ക് താഴേക്ക് തളര്‍ന്നിരുന്നു. ലോട്ടറി വിറ്റാണ് വിനോദ് തുടര്‍ന്നുള്ള ജീവിതമാര്‍ഗ്ഗം കണ്ടെത്തിയത്. ലോട്ടറി വില്‍പ്പനക്കായി വീടിന് 15 അടി മുകളിലുള്ള റോഡിലേക്ക് വിനോദിനെ താങ്ങിയെടുത്ത് കൊണ്ട് പോകുന്നത് വിസ്മയായിരുന്നു. തൊട്ട് പിന്നാലെ വീല്‍ചെയറുമായി അനിയത്തി വിനയയും എത്തും. പ്ലസ്ടു പഠനത്തിന് ശേഷം ചേര്‍ത്തലയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലാണ് വിസ്മയ ജോലി ചെയ്യുന്നത്.

മക്കള്‍ക്ക് അഞ്ചും എട്ടും പ്രായമുള്ളപ്പോള്‍ വിനോദിനെ ഭാര്യ ഉപേക്ഷിച്ച് പോയിരുന്നു. അന്ന് മുതല്‍ തനിക്ക് കൈത്താങ്ങായത് തന്റെ മക്കളാണെന്ന് വിനോദ് പറയുന്നു. വിനോദിനും മക്കള്‍ക്കും സുമനുസുകളുടെ സഹായത്തോടെയാണ് താമസിക്കാന്‍ ഒറ്റമുറി വീട് ഒരുങ്ങിയത്. വിനോദിന് പുതിയൊരു വീല്‍ചെയര്‍ ഉടനടി അനുവദിക്കാനുള്ള നടപടി ഉണ്ടാവുമെന്നും കളക്ടര്‍ പറഞ്ഞു. എം.പി.മാരായ അഡ്വ.എ. എം. ആരിഫ്, കെ. സി. വേണുഗോപാല്‍ എന്നിവരും വിസ്മയക്കും ജോണ്‍സണും ആശംസയുമായി വിവാഹ സ്ഥലത്ത് എത്തിയിരുന്നു.