18 വയസിനു മുകളിലുള്ള എല്ലാവർക്കും വാക്സിനേഷൻ പൂർത്തിയാക്കിയ ജില്ലയിലെ ആദ്യ പഞ്ചായത്തുകൾ ആയി മാറാടിയും , കീരമ്പാറയും
എറണാകുളം : 18 വയസിനു മുകളിൽ പ്രായമായ അർഹരായ എല്ലാ ആളുകളിലേക്കും ആദ്യ ഡോസ് വാക്സിനേഷൻ എത്തിച്ചു നൽകി മാറാടി, കീരമ്പാറ പഞ്ചായത്തുകൾ. ജില്ലയിൽ രണ്ട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഒരേ സമയം ആദ്യ ഡോസ് വാക്സിൻ എല്ലാവരിലേക്കും എത്തിച്ചു മാതൃക സൃഷ്ടിച്ചിരിക്കുകയാണ്.ആരോഗ്യ പ്രവർത്തകർക്കൊപ്പം പഞ്ചായത്ത് അധികൃതരും പൊതു പ്രവർത്തകരും കൈ കോർത്തതോടെ കോവിഡ് പ്രതിരോധത്തിന്റെ പുതിയ മാതൃക സ്വീകരിക്കാൻ മാറാടി, കീരമ്പാറ പഞ്ചായത്തുകൾക്ക് സാധിച്ചു.
വാക്സിനേഷനു മാത്രമായി പ്രത്യേക ഔട്ട് റീച് കേന്ദ്രവും കോവിൻ രെജിസ്ട്രേഷൻ നടത്താൻ ബുദ്ധിമുട്ട് നേരിട്ടവർക്കായി പ്രാഥമിക ആരോഗ്യ കേന്ദ്രത്തോട് ചേർന്നു രെജിസ്ട്രേഷൻ സൗകര്യവും മാറാടി പഞ്ചായത്ത് ഒരുക്കിയിരുന്നു.
ഓരോ വിഭാഗത്തിലും പെടുന്ന ആളുകളുടെ വിവരങ്ങൾ പ്രത്യേകമായി ക്രോഡീകരിച്ച് ഓരോ വിഭാഗത്തിലും എല്ലാവർക്കും വാക്സിൻ എത്തിച്ചു നൽകുന്ന തരത്തിലാണ് കീരമ്പാറ പഞ്ചായത്തിലെ പ്രവർത്തനം. ഔട്ട് റീച് കേന്ദ്രങ്ങൾ കൂടുതൽ ആളുകളിലേക്ക് വാക്സിൻ എത്തിക്കാൻ കാരണം ആയി.
പാലിയേറ്റിവ് രോഗികൾക്കും, അതിഥി തൊഴിലാളികൾക്കും പിന്നോക്ക അവസ്ഥകളിൽ ഉള്ളവർക്കും പ്രത്യേക വാക്സിനേഷൻ ക്യാമ്പുകളും നടത്തി. ഭിന്നശേഷിക്കാർ, കിടപ്പ് രോഗികൾ എന്നിവർക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കി.
ആശ പ്രവർത്തകരുടെ നേതൃത്വത്തിൽ വാർഡ് അടിസ്ഥാനത്തിൽ അർഹരായ ആളുകളെ കണ്ടെത്തി വാക്സിനേഷൻ ലഭ്യമാക്കി. ഗർഭിണികൾ, കിടപ്പ് രോഗികൾ, ഗുരുതര രോഗങ്ങൾ ബാധിച്ചവർ എന്നിവർക്കായി പ്രത്യേക ക്യാമ്പയിനുകൾ നടപ്പാക്കി.
ലഭ്യമായ സൗകര്യങ്ങളും കൃത്യമായ പ്രവർത്തനങ്ങളും വഴിയാണ് മാറാടി, കീരമ്പാറ പഞ്ചായത്തുകൾ വാക്സിനേഷൻ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.