തുണി മാലിന്യങ്ങള്‍ ഫലപ്രദമായി പുനഃരുപയോഗിക്കുക എന്ന ലക്ഷ്യത്തോടെ ഹരിത കേരളം മിഷന്‍, കുടുംബശ്രീ, ശുചിത്വ മിഷന്‍, സെന്‍റ് തെരേസാസ് കോളേജ്, എന്‍എസ്എസ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച “മാറ്റത്തിന്‍റെ നൂലിഴ” എന്ന ക്യാമ്പയിനിന്‍റെ ഭാഗമായി നടത്തിയ അപ്സൈക്ലിംഗ് മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍വഹിച്ചു.
മത്സരത്തില്‍ വിജയികളായ അന്ന റിലുഷ, ഗ്രേസി ക്രിസ്റ്റീന, സൗമ്യ ബിജു എന്നിവര്‍ ജില്ലാ കളക്ടറില്‍ നിന്നും സമ്മാനം ഏറ്റു വാങ്ങി.

മാലിന്യമായി ഉപയോഗിച്ചുപേക്ഷിച്ച വസ്ത്രങ്ങള്‍ പുനരുപയോഗിക്കാന്‍ പറ്റുന്ന മറ്റു ഉത്പന്നങ്ങളായി രൂപാന്തരപ്പെടുത്തുകയാണ് മാറ്റത്തിന്‍റെ നൂലിഴ എന്ന ക്യാമ്പയിനിലൂടെ ലക്ഷ്യമിട്ടിരുന്നത്. ഇതിന്‍റെ ഭാഗമായി നടത്തിയ മത്സരത്തില്‍ ജില്ലയില്‍ നിന്നും മുന്നൂറിലധികം പേരാണ് പങ്കെടുത്തത് . ഇതില്‍ നിന്നും മത്സരമാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച 31 എണ്ണം അവസാന ഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മാറ്റത്തിന്‍റെ നൂലിഴ എന്ന ഫേസ്ബുക്ക് പേജില്‍ ഈ ഉല്‍പ്പന്നങ്ങളുടെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് അവയില്‍ നിന്നുമാണ് വിജയികളെ കണ്ടെത്തിയത്. ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടുന്നതിനൊപ്പം ജൂറി നല്കിയ മാര്‍ക്കും പരിഗണിച്ചാണ് വിജയികളെ നിശ്ചയിച്ചത്. അവസാന ഘട്ടത്തിലേക്ക് 31 പേര്‍ക്കും സമ്മാനങ്ങള്‍ നല്‍കുന്നുണ്ട്.

ഹരിത കേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ സുജിത് കരുണ്‍, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ പി എച്ച് ഷൈന്‍, സെന്‍റ് തെരേസാസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ ലിസി, ഡീന്‍ ഓഫ് എക്സറ്റന്‍ഷന്‍ ഡോ. നിര്‍മല പത്മാനാഭന്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.