അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി പ്രകാരം 75 ദിവസം തൊഴിൽ ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത നൽകാൻ ഉത്തരവിറക്കിയതായി തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഉത്തരവ് പ്രകാരം 13,759 കുടുംബങ്ങൾക്ക് സഹായമേകാൻ സംസ്ഥാന സർക്കാരിന് സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.
ധനകാര്യ വകുപ്പ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലുള്ള തൊഴിലാളി വിഭാഗത്തിന് ഉത്സവബത്ത നൽകി ആശ്വാസമേകാനായി ഒരുകോടി മുപ്പത്തിയേഴ് ലക്ഷത്തി അമ്പത്തൊമ്പതിനായിരം രൂപ അനുവദിച്ചതായി മന്ത്രി വ്യക്തമാക്കി.

തൊഴിൽരഹിതരായ കള്ള് ചെത്ത് തൊഴിലാളികൾക്കും വിൽപ്പന തൊഴിലാളികൾക്കും ധനസഹായം നൽകും: മന്ത്രി
സംസ്ഥാനത്തെ തൊഴിൽ രഹിതരായ 813 കള്ള് ചെത്ത് തൊഴിലാളികൾക്കും 501 വിൽപ്പന തൊഴിലാളികൾക്കും ഓണത്തിന് ധനസഹായം നൽകുമെന്ന് തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. കള്ളുചെത്ത് തൊഴിലാളികൾക്ക് 2500 രൂപ വീതവും വിൽപ്പന തൊഴിലാളികൾക്ക് 2000 രൂപ വീതവുമാണ് ധനസഹായം നൽകുകയെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കെല്ലാം കരുതലേകാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എക്‌സൈസ് വകുപ്പ് ഓണ സഹായം നൽകാനുള്ള തീരുമാനം കൈക്കൊണ്ടതെന്ന് മന്ത്രി പറഞ്ഞു.
പി.എൻ.എക്‌സ്. 2873/2021