തളിപ്പറമ്പ് ഹെഡ്‌പോസ്റ്റ് ഓഫീസില്‍ തപാല്‍ വകുപ്പ് മൈ സ്റ്റാമ്പ് കൗണ്ടര്‍ തുടങ്ങി. തളിപ്പറമ്പ് നഗരസഭാ അധ്യക്ഷ മുര്‍ഷിദാ കൊങ്ങായി ഉദ്ഘാടനം ചെയ്തു. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും സ്വന്തം ഫോട്ടോകള്‍ തപാല്‍ സ്റ്റാമ്പില്‍ മുദ്രണം ചെയ്യുന്നതിനുള്ള പ്രത്യേക സംവിധാനമാണ് മൈ സ്റ്റാമ്പ് കൗണ്ടര്‍. ജന്മദിനം, വിവാഹം, വാര്‍ഷികം, ഉദ്ഘാടനം തുടങ്ങിയ വിശേഷാവസരങ്ങളില്‍ സൂക്ഷിച്ച് വെക്കാനും കത്തുകള്‍ അയക്കുന്നതിനും മൈ സ്റ്റാമ്പുകള്‍ ഉപയോഗിക്കാം. കൗണ്ടറില്‍ നേരിട്ടെത്തി ഫോട്ടോ എടുത്തും ഇഷ്ടമുള്ള ഫോട്ടോകള്‍ അപേക്ഷാ ഫോറത്തോടൊപ്പം നല്‍കിയും മൈ സ്റ്റാമ്പ് നേടാം. കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷനിലെ എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇതിനായി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 12 സ്റ്റാമ്പുകളുള്ള ഒരു ഷീറ്റിന് 300 രൂപയാണ് വില ഈടാക്കുക. കൂടുതല്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് ഇളവ് ലഭിക്കും.
സ്വന്തം ഓട്ടോറിക്ഷയില്‍ ഫിലാറ്റലി മ്യൂസിയം സ്ഥാപിച്ച പയ്യന്നൂരിലെ സുമേഷ് ദാമോദരനെ ഉദ്ഘാടന പരിപാടിയില്‍ ആദരിച്ചു. കണ്ണൂര്‍ പോസ്റ്റല്‍ സൂപ്രണ്ട് പി കെ ശിവദാസന്‍ അധ്യക്ഷനായി. തളിപ്പറമ്പ് അസിസ്റ്റന്റ് പോസ്റ്റല്‍ സൂപ്രണ്ട് ടി ഇ സീബ, പോസ്റ്റ് മാസ്റ്റര്‍ കൃഷ്ണകുമാരി, അസിസ്റ്റന്റ് പോസ്റ്റ് മാസ്റ്റര്‍ സുധീര്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.