വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുന്ന ഇരുപത് മിയാവാക്കി വനങ്ങളില്‍ രണ്ട് എണ്ണം കൂടി യാഥാര്‍ത്ഥ്യമായി. വേങ്ങര ചേറൂരിലാണ് രണ്ട് മിയാവാക്കി വനങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായത്. 2021 ലെ ലോക പരിസ്ഥിതി ദിനത്തിലാണ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മിയാവാക്കി വനവല്‍ക്കരണ പദ്ധതിക്ക് തുടക്കമിട്ടത്. മണ്ണ്, ജലം, ജൈവസമ്പത്ത് എന്നിവയുടെ പരിപാലനത്തിലൂടെ സുസ്ഥിര വികസനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന നീര്‍ത്തട ഘടകം പദ്ധതിയിലാണ് മിയാ വാക്കി വനം രൂപീകരിക്കുന്നത്. വേങ്ങര ചേറൂര്‍ പി.പി.ടി.എം.വൈ.എച്ച്.എസ്.എസ് സ്‌കൂളിലാണ് ആദ്യ മിയാവാക്കി വനം നിര്‍മ്മിച്ചത്. പദ്ധതിയുടെ നടത്തിപ്പിനായി ബ്ലോക്ക് പഞ്ചായത്ത് 30 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട. പഞ്ചായത്തിന്റ് ഒന്‍പത് നീര്‍ത്തടങ്ങളിലായി ആകെ 20 കൃത്രിമ വനങ്ങളാണ് നിര്‍മ്മിക്കുന്നത്.

ഒരു കൃത്രിമ വന നിര്‍മ്മാണത്തിന് 1,50,000 രൂപയാണ് ചെലവ്. ജപ്പാന്‍ സാങ്കേതിക വിദ്യയുപയോഗിച്ചുള്ള കൃത്രിമ വനവല്‍ക്കരണ രീതിയാണ് മിയാവാക്കി. സ്വാഭാവിക വനം രൂപപ്പെട്ടവരാന്‍ 100 വര്‍ഷങ്ങളെടുക്കുമ്പോള്‍ മിയാമാക്കി പദ്ധതിയിലൂടെ 15 വര്‍ഷം കൊണ്ട് തന്നെ കൃത്രിമ വനം സാധ്യമാക്കാം. 2.5 സെന്റ് സ്ഥലത്ത് 1.25 മീറ്റര്‍ ആഴത്തില്‍ കുഴിയെടുത്ത് ചകിരിച്ചോറും ജൈവവളവും കമ്പോസ്റ്റും ചേര്‍ന്ന മിശ്രിതം മിക്‌സ് ചെയ്ത് മണ്ണ് റീഫില്ല് ചെയ്ത് ഒരു മാസത്തോളം മണ്ണ് പാകപ്പെടുത്തുന്നതിന് വേണ്ടി സമയം നല്‍കും. ശേഷമാണ് ഒരു സ്‌ക്വയര്‍ മീറ്ററില്‍ നാല് തൈ വീതം 400 തൈകള്‍ നട്ടുപിടിപ്പിക്കുന്നത്.ചാമ്പ, പേര, ബിലുമ്പി, നോനി, സുറി നാം ചെറി, കറിവേപ്പ്, കാപ്പി, അനോന,അരിനെല്ലി, ബദാം, കൊടംപുളി, മുട്ടപ്പഴം, ആപ്പിള്‍ ചാമ്പ, ഇലഞ്ഞി, വുഡ് ആപ്പിള്‍, കൊക്കോ, മലയന്‍ ആപ്പിള്‍, പുളി, നെല്ലി, ഞാവല്‍, മാവ്, പ്ലാവ് എന്നീ തൈകളാണ് നട്ടുപിടിപ്പിക്കുന്നത്.

കാര്‍ബണ്‍ സന്തുലിത ഗ്രാമം എന്ന ആശയത്തിലൂന്നി അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈസിന്റെ അളവ് നിയന്ത്രിക്കുന്നതിനും ചുരുങ്ങിയ സമയപരിധിക്കുള്ളില്‍ കൃത്രിമമായി വനംവെച്ചുപിടിപ്പിക്കലുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അതോടൊപ്പം തന്നെ സ്‌കൂള്‍ കുട്ടികളില്‍ കൃഷിയുടെ മാഹാത്മ്യം എന്ന അവബോധം ഉണ്ടാക്കുന്നതിനും വിവിധങ്ങളായ പഴവര്‍ഗ്ഗങ്ങള്‍ ലഭ്യമാക്കാനും, പക്ഷിമൃഗാദികള്‍ക്ക് ആവാസ വ്യവസ്ഥ പ്രദാനം ചെയ്യാനും ഈ പദ്ധതിയിലൂടെ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നു. ഇതുസംബന്ധിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ, വൈസ് പ്രസിഡന്റ്
പുളിക്കല്‍അബൂബക്കര്‍ മാസ്റ്റര്‍, കണ്ണമംഗലം പഞ്ചായത് പ്രസിഡണ്ട് യു എം ഹംസ,ബ്ലോക്ക് അംഗങ്ങളായ നബീല എ., അസീസ് പറങ്ങോടത്ത് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സുബ്രമണ്യന്‍, ഹാജറ, റൈഹാനത്ത് എന്നിവര്‍ സംസാരിച്ചു.