കോവിഡ് പ്രതിരോധ കുത്തിവെപ്പ് വേഗത്തില്‍ പൂര്‍ത്തീകരിക്കുന്നതിനായി ജില്ലയില്‍ തുടങ്ങിയ മെഗാ കുത്തിവെപ്പ് യജ്ഞത്തിന് മികച്ച പ്രതികരണം. നിലവില്‍ കോവിഡ് വാക്‌സിനേഷന്‍ നടന്നുകൊണ്ടിരിക്കുന്ന 125 സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്കും 17 സ്വകാര്യ ആശുപത്രികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്കും പുറമെ ജില്ലയില്‍ പുതുതായി 12 സ്ഥിരം മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ കൂടി കോവിഡ് വാക്‌സിനേഷന്‍ നടത്താന്‍ തീരുമാനിച്ചതിന്റെ ഭാഗമായി ഇന്നലെ (വ്യാഴം)നാല് മെഗാ ക്യാമ്പുകള്‍ നടത്തി. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും, സന്നദ്ധ പ്രവര്‍ത്തകരുടെയും ,ഇതര വകുപ്പുകളുടെയും സഹകരണത്തിലാണ് ഈ നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ .കെ സക്കീന പറഞ്ഞു. അടുത്ത മൂന്ന് ദിവസത്തിനകം ജില്ലയില്‍ രണ്ട് ലക്ഷം പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി ജില്ലയില്‍ രണ്ട് ലക്ഷം പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി. സ്ഥിരം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്കും 12 മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ക്കും പുറമെ വാക്‌സിന്റെയും സിറിഞ്ചിന്റെയും ലഭ്യതക്ക് അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന്റെയും ,ഐ എം എ യുടെയും സഹായത്തോടെ ജില്ലയില്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ കൂടി അടുത്ത മൂന്ന് ദിവസത്തേക്ക് ഉണ്ടാകുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.എം ഇ എസ് മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ അവരുടെ ജീവനക്കാരെ ഉപയോഗിച്ച് ആഗസ്ത് 21 ,22 ,23 തീയതികളിലായി വിവിധ കേന്ദ്രങ്ങളിലൂടെ 15000 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനം.
12 മെഗാ വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും, കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന്റെയും ,ഐ എം എ യുടെയും സഹായത്തോടെ ജില്ലയില്‍ തുടങ്ങുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും 50 ശതമാനം ഓണലൈനായും 50 ശതമാനം സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെയും വാക്‌സിന്‍ നല്‍കും. ഓണ്‍ലൈനായി വാക്‌സിന്‍ ബുക്ക് ചെയ്യുമ്പോള്‍ അവരവര്‍ താമസിക്കുന്ന തദ്ദേശ ഭരണ സ്ഥാപനത്തിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തന്നെ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.കൂടാതെ ഒരു തദ്ദേശ ഭരണ പ്രദേശത്തു ഒന്നിലധികം സ്വകാര്യ ആശുപത്രികളുടെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉണ്ടെങ്കില്‍ ആ തദ്ദേശ ഭരണ സ്ഥാപനത്തിലെ ഏതൊക്കെ വാര്‍ഡുകളില്‍ പെട്ടവര്‍ ഏത് ക്യാമ്പിലേക്ക് ആണ് പോകേണ്ടത് എന്ന് ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനം തീരുമാനിച്ച് അറിയിക്കണം.വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാന്‍ ഇത് സഹായിക്കും.കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ അനാവശ്യ തിരക്ക് ഉണ്ടാവാതിരിക്കാന്‍ എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു. വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍ രോഗ പകര്‍ച്ചാ കേന്ദ്രങ്ങള്‍ ആവരുത്.തിരക്ക് ഉണ്ടാവാതിരിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും ,സന്നദ്ധ പ്രവത്തകരുടെയും നേതൃത്വവും സഹകരണവും ഉണ്ടാവണം. കൂടാതെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വൃത്തിഹീനമായ സാഹചര്യങ്ങള്‍ ഇല്ലെന്നും ജനങ്ങള്‍ക്ക് ഇരിക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ ഉണ്ടെന്നു ഉറപ്പു വരുത്തുകയും വേണം. ഇതിനായി ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും മുന്‍കൈ എടുക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.