കല്‍പ്പറ്റ: കല്‍പ്പറ്റയെ കര്‍ഷക – ആദിവാസി സൗഹൃദ – ഹരിത നിയമസഭാ മണ്ഡലമാക്കുന്നതിന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ആവിഷ്‌ക്കരിച്ച പച്ചപ്പ് പദ്ധതിയുടെ അവലോകനയോഗം ജില്ലാ ആസൂത്രണഭവന്‍ പഴശ്ശി ഹാളില്‍ നടന്നു. കാപ്പിയുടെ വിള വര്‍ദ്ധിപ്പിക്കുന്നതിന് ഒരു ഏക്കറിന് ഒരു ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന മഴക്കുഴികള്‍ നിര്‍മ്മിക്കാന്‍ യോഗം തീരുമാനിച്ചു. അഞ്ച് ഏക്കര്‍ വരെയുള്ള കര്‍ഷകര്‍ക്ക് സൗജന്യമായി തൊഴില്‍ ഉറപ്പു മുഖേന നിര്‍മ്മിച്ചു നല്‍കും. അതിന് മുകളില്‍ സ്ഥലമുള്ളവര്‍ക്ക് കുഴി നിര്‍മ്മിക്കുന്നതിന്റെ സാങ്കേതിക സഹായം സൗജന്യമായി നല്‍കാനും എം.എല്‍.എ നിര്‍ദ്ദേശിച്ചു. ജൂലൈ 31 നകം വീട്ടുകൂട്ടം, നാട്ടുകൂട്ടം എന്നിവ രൂപീകരിക്കും. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടെ ആദ്യയോഗം ധനകാര്യമന്ത്രിയുടെയോ സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്റേയോ സാന്നിദ്ധ്യത്തില്‍ ചേരും. കിടപ്പുരോഗികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ജൂലൈ 29ന് കല്‍പ്പറ്റ എസ്.കെ.എം.ജെ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രാവിലെ 10 ന് മെഡിക്കല്‍ ബോര്‍ഡിന്റെ പ്രത്യേക സിറ്റിംഗ് നടത്തും.
ആഗസ്റ്റ് 20, 21, 22 തീയതികളില്‍ കല്‍പ്പറ്റ ഫെസ്റ്റ് നടത്തും. ഫെസ്റ്റില്‍ ഇത്തവണ ചക്ക മഹോത്സവവും ഉണ്ടാകും. മണ്ഡലത്തിലെ 11 പഞ്ചായത്തിലേയും പുഴയോരം സംരക്ഷിക്കുന്നതിന് പുഴ അളന്ന് തിരിക്കുന്നതിനു സംരക്ഷണ സമിതി രൂപീകരിക്കുന്നതും സെപ്റ്റബറില്‍ പൂര്‍ത്തിയാക്കും. ഊരുകൂട്ടം ശക്തിപ്പെടുത്തുന്നതിനും കല്‍പ്പറ്റ ഫെസ്റ്റിന്റെ സംഘാടക സമിതി രൂപീകരിക്കുന്നതിനും ഉടന്‍ യോഗം വിളിച്ചുചേര്‍ക്കുമെന്നും എം.എല്‍.എ. അറിയിച്ചു. കല്‍പ്പറ്റ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്, പഞ്ചായത്ത് പ്രസിഡന്റസ് അസോസിയേഷന്‍ പ്രസിഡന്റ് പി.എം. നാസര്‍, തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റീന സുനില്‍, ഐ.ടി.ഡി.പി പ്രൊജക്റ്റ് ഓഫീസര്‍ പി. വാണിദാസ്, പച്ചപ്പ് കോ-ഓര്‍ഡിനേറ്റര്‍ കെ.ശിവദാസന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.