നെടുംകുന്നം ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് ഹോമിയോ ഡിസ്‌പെന്‍സറിയുടെയും ആഭിമുഖ്യത്തില്‍ ഹോമിയോ ചികിത്സാ വിഭാഗത്തിന്റെ മഴക്കാല രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തൊട്ടിക്കല്‍ അങ്കണവാടിയിലാണ് ക്യാംപ് സംഘടിപ്പിച്ചത്. മഴക്കാല രോഗ ചികിത്സയും സൗജന്യ പകര്‍ച്ചപ്പനി പ്രതിരോധ മരുന്ന് വിതരണവും നടത്തി. 
107 പേര്‍ മെഡിക്കല്‍ ക്യാംപില്‍ നേരിട്ട് പങ്കെടുത്തു. 240 പേര്‍ക്ക് പ്രതിരോധ മരുന്ന് നല്‍കി. റബ്ബര്‍ തോട്ടങ്ങള്‍ കേന്ദ്രീകരിച്ച് വെള്ളം കെട്ടി നില്‍ക്കുന്ന ചിരട്ടകള്‍ കമഴ്ത്തി വെക്കുകയും പുകയടിപ്പിക്കുകയും ചെയ്തു. തോടുകളില്‍ ക്ലോറിന്‍ സംയോജിപ്പിച്ച മണല്‍ചാക്കുകള്‍ നിക്ഷേപിച്ചു. ആശാ പ്രവര്‍ത്തകരും കുടുംബശ്രീ അംഗങ്ങളും ചേര്‍ന്ന് ശുചിത്വ മിഷന്റെ സഹകരണത്തോടെ  വീടുകള്‍ സന്ദര്‍ശിച്ച് കിണറുകള്‍ ക്ലോറിന്‍ കലര്‍ത്തി ശുചീകരിച്ചു. വാര്‍ഡ്തലത്തില്‍ പൊതുസ്ഥലങ്ങള്‍ ശുചീകരിച്ചു. നെടുംകുന്നം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ദേവസ്യ മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു.മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ.അശോക് ബാബു, ഡോ.ജി.ജ്യോതിഷ് എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി.  എ.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എല്‍സി ജോസഫ്, ഷീജാ സന്തോഷ്, ജോജമ്മ സക്കറിയ, ലിസി ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
അയ്മനം ഗ്രാമപഞ്ചായത്തില്‍ പ്ലാസ്റ്റിക്കിനെ ചെറുക്കാന്‍ തുണി സഞ്ചികള്‍ ഒരുങ്ങുന്നു
അയ്മനം ഗ്രാമപഞ്ചായത്തിനെ പ്ലാസ്റ്റിക്ക് വിമുക്തമാക്കുവാന്‍ വീട്ടില്‍ ഒരു തുണിസഞ്ചി പദ്ധതി ഒരുങ്ങുന്നു. പരിസ്ഥിതി സംരക്ഷണവും പ്ലാസ്റ്റിക് നിയന്ത്രണവും ലക്ഷ്യമിട്ടാണ്് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരമായി എല്ലാ വീടുകളിലും തുണിസഞ്ചികള്‍ വിതരണം ചെയ്യാന്‍ ഒരുങ്ങുകയാണ് ഇവിടുത്തെ കുംടുംബശ്രീ പ്രവര്‍ത്തകര്‍. പഞ്ചായത്തിലെ 20 വാര്‍ഡുകളിലെ വീടുകളിലും സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങളിലും വിതരണം ചെയ്യാനായി 8000 തുണിസഞ്ചികളാണ് ഒരുങ്ങുന്നത്.  ക്രമേണ സ്വകാര്യ കടകളിലും മറ്റ് സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള തുണി സഞ്ചികളില്‍ വിപണനം നടത്തണമെന്ന് നിര്‍ദേശിക്കും. അയ്മനം ഗ്രാമപഞ്ചായത്തിന്റെയും എറണാകുളത്തു പ്രവര്‍ത്തിക്കുന്ന സിറ്റി ശ്രീ എന്ന സ്ഥാപനത്തിന്റെയും സഹകരണത്തോടു കൂടിയാണ് പഞ്ചായത്തില്‍ ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്ലാസ്റ്റിക് വര്‍ധനവു മൂലം നാം ഇന്ന് അനുഭവിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണുവാന്‍ ഇത്തരം പദ്ധതികള്‍ക്ക് കഴിയുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആലിച്ചന്‍ പറഞ്ഞു.
പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറക്കുക എന്ന ലക്ഷ്യം മുന്നില്‍ കണ്ട് തുണി സഞ്ചികള്‍ പൂര്‍ണമായും സൗജന്യമായി വിതരണം ചെയ്യാനും പദ്ധതിയുണ്ട്.  പ്ലാസ്റ്റിക് മലിനീകരണം ചെറുക്കുക എന്നതിനൊടൊപ്പം പഞ്ചായത്തിലെ കുടുംബശ്രീ വനിതകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനു കൂടി സഹായകരമാകുന്ന തരത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി വാര്‍ഡുകളില്‍ നിന്നും തെരഞ്ഞെടുത്ത കുടുംബശ്രീ അംഗങ്ങളാണ് തുണിസഞ്ചി നിര്‍മ്മാണ പരിശീലനം നേടിയത്. പരിശീലനം ലഭിച്ച വനിതകള്‍ അവരവരുടെ വീടുകളില്‍ നിന്നും തയ്യല്‍ പൂര്‍ത്തിയാക്കിയ തുണി സഞ്ചികള്‍ പഞ്ചായത്തില്‍ എത്തിക്കുന്നു. ഒരു വീട്ടില്‍ ഒരു തുണി സഞ്ചി എന്ന പദ്ധതിക്കുപരി എല്ലാ വ്യാപാര വ്യവസായ മേഖലയിലും തുണി സഞ്ചി എത്തിക്കുവാനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു ഇവിടുത്തെ കുടുംബശ്രീ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും.