മഹാമാരി തീര്‍ത്ത വറുതിക്കിടയിലും ഓണപ്പുടവയുടെ പുഞ്ചിരി സമ്മാനിക്കാന്‍ കൊല്ലം ജില്ലാഭരണകൂടം. ഇഞ്ചവിളയിലെ സര്‍ക്കാര്‍ വൃദ്ധസദനത്തിലുള്ളവര്‍ക്കും സര്‍ക്കാര്‍ ഇതര സംരക്ഷണ കേന്ദ്രങ്ങളില്‍ കഴിയുന്ന അശരണബാല്യങ്ങള്‍ക്കും ഇത്തവണയും ഓണക്കോടി സമ്മാനിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. കോവിഡിന്റെ പശ്ചാത്തലത്തില്‍ വീടകങ്ങളിലേക്ക് പരിമിതപ്പെടുത്തുന്ന ഓണം ആഘോഷമാക്കുന്നതിനായി ജില്ലാ ഭരണകൂടം നടത്തുന്ന ‘ഓണത്തുടി-2021’ ന്റെ ഭാഗമായാണ് പുതുവസ്ത്രങ്ങള്‍ നല്‍കുന്നത്.

ചതയദിനമായ ഓഗസ്റ്റ് 23നാണ് ഓണത്തുടിയുടെ ഭാഗമായ കലാപരിപാടികള്‍ അരങ്ങേറുക. ഓണ്‍ലൈനായി നടത്തുന്ന പരിപാടി ഉച്ചയ്ക്ക് 2.30 മുതല്‍ വൈകിട്ട് ഏഴു മണിവരെ ഇടവേളയില്ലാതെ തുടരും. ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍, പൊതുമരാമത്ത്-വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ. മൊഹമദ് റിയാസ്, മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവര്‍ വിശിഷ്ട സാന്നിദ്ധ്യമാകും.

ചലച്ചിത്ര സംവിധായകരായ സിബി മലയില്‍, ലാല്‍ജോസ്, കേരള ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കൂടിയായ കമല്‍, സംഗീത സംവിധായകരായ ശരത്ത്, എം. ജയചന്ദ്രന്‍, ഔസേപ്പച്ചന്‍, ദേശീയ പുരസ്‌കാരം നേടിയ തിരക്കഥാകൃത്ത് സജീവ് പാഴൂര്‍, പാട്ടുകാരി അനിത ഷെയ്ഖ്, ഗായകന്‍ ബാസ്റ്റ്യന്‍ ജോണ്‍, എഴുത്തുകാരായ ബി. മുരളി, ജി. ആര്‍. ഇന്ദുഗോപന്‍, സലിന്‍ മാങ്കുഴി, സീരിയല്‍ തിരക്കഥാകൃത്തും സംസ്ഥാന അവാര്‍ഡ് ജേതാവുമായ ഗണേഷ് ഓലിക്കര, നടനായ കിഷോര്‍ സത്യ, കഥകളി കലാകാരന്‍ തോന്നയ്ക്കല്‍ പീതാംബരന്‍, എം. എല്‍. എ മാരും സിനിമാ നടന്‍മാരുമായ എം. മുകേഷ്, കെ. ബി. ഗണേഷ് കുമാര്‍, സുരേഷ് ഗോപി എം. പി. തുടങ്ങിയവര്‍ പരിപാടികളില്‍ പങ്കെടുക്കും. 22ന് കുട്ടികളുടെ കലാപരിപാടികള്‍ ഓണത്തുടിയുടെ ഭാഗമായി ഓണ്‍ലൈനായി അരങ്ങേറും. കല്യാണ്‍-മലബാര്‍ ജുവലറികളുടെ സഹകരണത്തോടെയാണ് സംഘാടനം.