ആലപ്പുഴ: തിരുവോണ നാളിൽ അപ്രതീക്ഷിതമായി വീട്ടിലെത്തിയ വിരുന്നുകാരെ കണ്ട് വിനോദിന് ആദ്യം വിസ്മയവും പിന്നെ ആശ്വാസവുമായി. ചേർത്തല ആഞ്ഞിലിപ്പാലം സ്വദേശി വിനോദിന് ആശ്വാസമേകാനാണ് സ്ഥലം എം.എൽ.എ.യും മന്ത്രിയുമായ പി. പ്രസാദും ജില്ലാ കളക്ടർ എ. അലക്സാണ്ടറും തിരുവോണനാളിൽ വിനോദിന്റെ വീട്ടിലെത്തിയത്. ശരീരം തളർന്ന് കിടക്കുന്ന വിനോദിൻറെ വീൽചെയറിനുള്ള ബാറ്ററിയുമായാണ് മന്ത്രിയും കളക്ടറുമെത്തിയത്. വീൽചെയറിനുള്ള ബാറ്ററി മന്ത്രി തന്നെ ഘടിപ്പിച്ച് നൽകി.
ഇലക്ട്രോണിക്ക് വീൽ ചെയറിന്റെ കേടായ ബാറ്ററി മാറ്റി വാങ്ങാൻ പണമില്ലാതെ പ്രയാസപ്പെട്ട വിനോദിനെ കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തയെ തുടർന്നാണ് കളക്ടറുടെ നിർദ്ദേശ പ്രകാരം ജില്ലാ സാമൂഹ്യനീതി ഓഫീസർ മുഖേനെ സാമൂഹ്യ പ്രവർത്തകരായ ഹരികൃഷ്ണൻ, ശിവ മോഹൻ എന്നിവർ ചേർന്ന് വീൽചെയറിനുള്ള പുതിയ ബാറ്ററികൾ ലഭ്യമാക്കിയത്. പുറമ്പോക്കിലെ ചെറിയ കൂരയിൽ കഴിയുന്ന വിനോദിന്റെ മൂത്തമകൾ വിസ്മയ കഴിഞ്ഞ ദിവസം വിവാഹിതയായിരുന്നു. വിസ്മയയുടെ വിവാഹ ദിനത്തിൽ മുഖ്യമന്ത്രിയുടെ പ്രത്യേക നിർദേശ പ്രകാരം ജില്ലാ കളക്ടർ ഇവരുടെ വീട്ടിലെത്തി ധനസഹായവും നൽകിയിരുന്നു. ഇളയ മകൾ വിനയയാണ് വിനോദിനൊപ്പമുള്ളത്. ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഒ. അബീൻ, സന്നദ്ധ പ്രവർത്തകരായ ഹരികൃഷ്ണൻ, ശിവ മോഹൻ, പ്രേം സായി, ഭിന്നശേഷി സഹകരണ സംഘം പ്രതിനിധി സെബാസ്റ്റ്യൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.