കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നിരീക്ഷണം ശക്തമാക്കി. പത്തനാപുരം ഗ്രാമപഞ്ചായത്തില്‍ നഗര-ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ഏര്‍പ്പെടുത്തിയ പൊലീസ് നിരീക്ഷണം തുടരുമെന്ന് പ്രസിഡന്റ് എസ് തുളസി പറഞ്ഞു. 15 കടകള്‍ക്ക് ഒരാള്‍ എന്ന കണക്കില്‍ പത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളില്‍ പരിശോധന നടത്തും. ഗ്രാമപ്രദേശങ്ങളില്‍ നിരീക്ഷണത്തിനായി മൂന്ന് മൊബൈല്‍ പട്രോളിങ്ങും സംവിധാനവുമുണ്ട്. ചടയമംഗലം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ വ്യാപകമാക്കി. ഓണത്തോടനുബന്ധിച്ച് പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും ജാഗ്രതാ അനൗണ്‍സ്‌മെന്റുകള്‍ നടത്തി. കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ആശാവര്‍ക്കര്‍ മുഖേന ഹോമിയോ, ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ എത്തിച്ചു നല്‍കുന്നുണ്ടെന്നും പ്രസിഡന്റ് ജെ. വി ബിന്ദു പറഞ്ഞു
കിഴക്കേ കല്ലടയിലെ ഡി.സി.സിയില്‍ 13 രോഗികളാണ് നിലവിലുള്ളത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അനൗണ്‍സ്‌മെന്റ്കള്‍ സജീവമായി നടത്തുന്നുണ്ട്. കോവിഡ് രോഗികള്‍ കൂടുന്നതിനാല്‍ പരിശോധനകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് ഉമാദേവി അമ്മ പറഞ്ഞു. കുളക്കട സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്തുന്നുണ്ട്. ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ വ്യാപിപ്പിച്ചു. പഞ്ചായത്ത് പരിധിയില്‍ 100 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് പ്രസിഡന്റ് പി.ടി. ഇന്ദു കുമാര്‍ പറഞ്ഞു
