വെല്ലുവിളികളെ അതിജീവിച്ച് ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ അത്താണിക്കല്‍ സ്വദേശിനി ആര്യ രാജിന് ജില്ലാ കലക്ടറുടെ അഭിനന്ദനം. ജനിച്ച് രണ്ടാം ദിവസം പിടിപെട്ട മഞ്ഞപ്പിത്തം കണ്ടെത്താനും ചികിത്സിക്കാനും വൈകിയതിനെ തുടര്‍ന്ന് സെറിബ്രല്‍ പാള്‍സി ബാധിച്ച ആര്യ ഏറെ ശാരീരിക വെല്ലുവിളികളെ നേരിടുന്നതിനിടയിലും അക്കാദമിക് രംഗത്തും പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളിലും നിരവധി നേട്ടങ്ങള്‍ കൈവരിച്ച് മാതൃകയാവുകയാണ്.

പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തുന്നതും ഏറ്റവും ചെലവ് കുറഞ്ഞതുമായ ജലസംരക്ഷണ മാര്‍ഗ്ഗത്തെ കുറിച്ചുള്ള പ്രോജക്ട് ശാസ്ത്രമേളകളിലും നാഷണല്‍ ചില്‍ഡ്രന്‍ സയന്‍സ് കോണ്‍ഗ്രസ്സിലും അവതരിപ്പിച്ച് ഉന്നത സ്ഥാനം കരസ്ഥമാക്കിയ ആര്യ മാധ്യമങ്ങളുടെ പ്രത്യേക ശ്രദ്ധ നേടി. വിവിധ വിഷയങ്ങളിലുള്ള ക്വിസ് മത്സരങ്ങളില്‍ സാധാരണ കുട്ടികളോടൊപ്പം വിവിധ തലങ്ങളില്‍ മല്‍സരിച്ച് നേട്ടങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. 2016ല്‍ കോഴിക്കോട് സിറ്റി ഉപജില്ലയില്‍ നിന്നും യുഎസ്എസ് നേടിയ 4 പേരില്‍ ഒരാളാകാനും കഴിഞ്ഞു. എല്‍എസ്എസും നേടിയിരുന്നു. 2018ല്‍ മിക്ക വിഷയങ്ങള്‍ക്കും മുഴുവന്‍ മാര്‍ക്ക് സഹിതം പത്താം ക്ലാസ്സ് പരീക്ഷക്ക് ഫുള്‍ എ+ നേടിയാണ് വിജയിച്ചത്. ഇപ്പോള്‍ പ്ലസ് ടു പരീക്ഷയില്‍ ആകെ മാര്‍ക്കായ 1200 മാര്‍ക്കും നേടാനുമായി. 10ാം ക്ലാസ്സ് വരെ നടക്കാവ് ഗവ.ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പ്ലസ് ടുവിന് വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലുമാണ് പഠിച്ചത്.

ഉത്തരങ്ങള്‍ മുഴുവന്‍ പറഞ്ഞുകൊടുത്ത് സ്‌ക്രൈബിനെ കൊണ്ട് എഴുതിപ്പിക്കുകയാണ് ആര്യ ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഗിഫ്റ്റഡ് ചില്‍ഡ്രന്‍ ഗ്രൂപ്പിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ പ്രതിഭകളുടെ സംഗമത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരില്‍ ശാരീരിക പ്രയാസങ്ങളുള്ള കുട്ടി ആര്യ മാത്രമാണ്.

സയന്‍സ് ക്ലബ്ബുകളില്‍ അംഗമായ ആര്യയുടെ ആഗ്രഹം ആസ്‌ട്രോ ബയോളജിയില്‍ റിസര്‍ച്ച് ചെയ്ത് രാജ്യത്തിന് മുതല്‍ക്കൂട്ടാകണമെന്നാണ.് ഐസറില്‍ പഠിക്കുക എന്നതാണ് സ്വപ്‌നം. എന്‍ട്രന്‍സ് പരീക്ഷ വേഗതയുമായുള്ള മത്സരമായതിനാല്‍ ആശങ്കയുണ്ട്. സ്‌ക്രൈബിന് പറഞ്ഞ് കൊടുത്ത് റഫ് വര്‍ക്ക് ചെയ്ത് ഉത്തരം കണ്ടെത്തി അടയാളപ്പെടുത്തുമ്പോഴേക്കും ഏറെ സമയം നഷ്ടമാകും. അതല്ലെങ്കില്‍ പ്രത്യേക സമയം അനുവദിച്ചുള്ള എന്‍ട്രന്‍സ് പരീക്ഷ സര്‍ക്കാര്‍ അനുവദിക്കണം. അതിനുള്ള കൂട്ടായ ശ്രമത്തിലാണ് അധ്യാപകരും അഭ്യുദയകാംക്ഷികളും.

ഇരുന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ഒരാളുടെ സഹായം ആവശ്യമുള്ള ആര്യ ഇതൊക്കെ തരണം ചെയ്താണ് അക്കാദമിക് രംഗത്ത് മുന്നോട്ട് പോകുന്നത്. നടക്കാനും പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനും സ്വയം പ്രാപ്തയാവണം എന്ന് ആര്യയോടൊപ്പം വീട്ടുകാരും ആഗ്രഹിക്കുന്നു. പത്താം ക്ലാസ്സ്, പ്ലസ് ടു പരീക്ഷാ തിരക്കില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഫിസിയോ തെറാപ്പി മുടങ്ങിയിട്ട്. ആ കുറവ് നികത്തി അടുത്ത ഒരു വര്‍ഷം മികച്ച ചികിത്സ ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ് ഇന്റീരിയര്‍ ഡിസൈനറായ അച്ഛന്‍ രാജീവും പൊതുമരാമത്ത് അസി.എഞ്ചിനീയറായ അമ്മ പുഷ്പജയും.

അച്ഛനമ്മമാര്‍ക്കൊപ്പം കഴിഞ്ഞ ദിവസം കലക്ടറേറ്റിലെത്തിയ ആര്യക്ക് ജില്ലാ കലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഡി ഉപഹാരം നല്‍കി. സിആര്‍സി ഡയറക്ടര്‍ ഡോ.റോഷന്‍ ബിജ്‌ലി, ഡയറ്റ് സീനിയര്‍ ലക്ചറര്‍ അബ്ദുള്‍ നാസര്‍, ഐഎസ്ആര്‍ഒ മുന്‍ ഡയറക്ടര്‍ ഇ.കെ.കുട്ടി, മുന്‍ സിഎംഎ പ്രസിഡന്റ് അജയന്‍ കാവുങ്ങല്‍, മോഹനന്‍ പുതിയിടത്ത്, ഗോപിരാജ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.