നഗരസഭാ പരിധിയില്‍ അലഞ്ഞു തിരിഞ്ഞ് നടക്കുന്ന കന്നുകാലികളെ പിടിച്ച് കെട്ടാനൊരുങ്ങുകയാണ് പൊന്നാനി നഗരസഭ. നഗരസഭയുടെ വിവിധ തെരുവുകളില്‍ ആടു മാടുകളുടെ വിഹാരം കൂടുതലായ സാഹചര്യത്തിലാണ് ഇത്തരം തീരുമാനമെടുത്തിട്ടുള്ളത്. ഇവ കാരണം അപകടങ്ങള്‍ പതിവാകുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ നഗരസഭ പിടികൂടുന്ന മാടുകളെ ലേലത്തില്‍ വില്‍ക്കും. അതിന് മുമ്പ് ഉടമസ്ഥര്‍ സ്വമേധയാ ഇവയെ പിടിച്ചുകെട്ടി നിയമ നടപടികളില്‍ നിന്നും ഒഴിവാകണമെന്ന് പൊന്നാനി നഗരസഭാ സെക്രട്ടറി അറിയിച്ചു.
പൊന്നാനി നഗരസഭയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷയായി. യോഗത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബിന്ധു സിദ്ധാര്‍ത്ഥന്‍, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്മാരായ എം.ആബിദ, രജീഷ് ഊപ്പാല, ഒ.ഒ ഷംസു, ഷീനാസുദേശന്‍, ടി.മുഹമ്മദ് ബഷീര്‍, നഗരസഭാ സെക്രട്ടറി മനോജ് കുമാര്‍, മുനിസിപ്പല്‍ എഞ്ചിനീയര്‍ സുജിത്ത് ഗോപിനാഥ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്വാമിനാഥന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.