ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ‘ആസാദി കാ അമൃത് മഹോത്സവ്’ ജില്ലയില്‍ ജില്ലാ വിദ്യാഭ്യാവകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ‘ചിരസ്മരണ’ എന്ന പരിപാടിയുടെ ഭാഗമായി സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ജില്ലാ തല മത്സരങ്ങള്‍ പൂര്‍ത്തിയായതായി വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി. പുഷ്പ അറിയിച്ചു. കയ്യൂര്‍ സമരം, കാടകം വനസത്യഗ്രഹം, രാഷ്ട്രകവി ഗോവിന്ദപൈ ഉള്‍പ്പെടെയുള്ളവരുടെ പോരാട്ടങ്ങള്‍ തുടങ്ങിയവ അടിസ്ഥാനപ്പെടുത്തി സ്വാതന്ത്ര്യസമര അനുഭവം കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ ആസാദി കാ അമൃത് മഹോത്സവിന് സാധിച്ചതായി ഡി.ഡി.ഇ പറഞ്ഞു.

ജില്ലയില്‍ പ്രാദേശികതലത്തില്‍ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയവരെയും സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനങ്ങളിലൂടെ സ്വാതന്ത്യ സമരത്തിന് ഊര്‍ജം നല്‍കിയവരെയും പരിപാടിയില്‍ അനുസ്മരിക്കും. ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ പ്രബന്ധ രചന, ചിത്രരചന എണ്ണച്ചായം, ഹൈ സ്‌കൂള്‍ കുട്ടികള്‍ക്ക് പഠന പ്രോജക്ട്, യുപി വിഭാഗത്തിന് ചിത്രരചന ജലച്ചായം, സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ചുള്ള ജീവചരിത്രം തയ്യാറാക്കല്‍, പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് സ്വാതന്ത്ര്യ സമര ക്വിസ് എന്നീ പരിപാടികള്‍ സ്‌കൂള്‍തലത്തിലും ഉപജില്ലാതലത്തിലും ജില്ലാ തലത്തിലും പൂര്‍ത്തീകരിച്ചു.

മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ ലഭിച്ച കുട്ടികളെ ഉള്‍പ്പെടുത്തി സെപ്റ്റംബര്‍ 11, 12 തീയതികളില്‍ ജില്ലയിലെ ചരിത്രമുറങ്ങുന്ന സ്ഥലങ്ങളിലൂടെ മഞ്ചേശ്വരത്ത് നിന്ന് കയ്യൂര്‍ സമര കേന്ദ്രത്തിലേക്ക് സ്വാതന്ത്ര്യ സമര സ്മൃതിയാത്ര നടത്താന്‍ പദ്ധതിയുണ്ട്. ‘ചിരസ്മരണ’ ജില്ലാതല ചിത്രരചന യു.പി വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് രാവണേശ്വരത്തെ ജീവന്‍ കെ ഗോപാല്‍ ഒന്നാം സ്ഥാനം നേടി. ജി.എച്ച്.എസ്.എസ് ബല്ല ഈസ്റ്റിലെ അനന്തകൃഷ്ണന്‍ രണ്ടും ജി യു പി എസ് ചന്തേരയിലെ നിവേദ്യ അജേഷ് മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ് പെരിയയിലെ അരുണിമ രാജ്, സി.ജെ.എച്ച്.എസ്.എസ് ചെമ്മനാട്ടെ മുഹമ്മദ് അസ്ഹര്‍ എന്‍, ജി.വി.എച്ച്.എസ്.എസ്. തൃക്കരിപ്പൂരിലെ സൂര്യവിനായക് കെ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ജി.എച്ച്.എസ് പാക്കത്തെ ഹരിപ്രസാദ് ഒന്നാം സ്ഥാനവും രാജാസ് എച്ച്.എസ്.എസ് നീലേശ്വരത്തെ അനുശ്രീ സത്യന്‍ രണ്ടാം സ്ഥാനവും ജി.എച്ച്.എസ്.എസ് കുട്ടമത്തിലെ സജ്ന കെ.സി മൂന്നാം സ്ഥാനവും നേടി.

എല്‍.പി വിഭാഗം ക്വിസ് മത്സരത്തില്‍ ജി.എല്‍.പി.എസ് നീലേശ്വരത്തെ അശ്വിന്‍ രാജ് കെ, ജി.യുപി.എസ് ചന്തേരയിലെ ദേവഹര്‍ശ് കെ.വി, ഹോളി ഫാമിലി എ.എസ്.ബി.എസ് കുമ്പളയിലെ ധവിന്‍ ഷെട്ടി എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.