മ്യൂസിയം മൃഗശാല വകുപ്പിന്റെ കീഴിൽ ആരംഭിക്കുന്ന മ്യൂസിയം കൺസർവേഷൻ ലബോറട്ടറിയുടെയും രവിവർമ ചിത്രങ്ങളുടെ സംരക്ഷണ പ്രവൃത്തികളുടെയും ഉദ്ഘാടനം സെപ്റ്റംബർ രണ്ടിന് നടക്കും. തുറമുഖം, പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ രാവിലെ 10ന് മ്യൂസിയം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നിർവഹിക്കും. വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിക്കും.

രാജാ രവിവർമയുടെ അമൂല്യ സംഭാവനകളുൾപ്പെടെ വൈവിധ്യമാർന്ന കലാസമ്പത്തിന് ശാസ്ത്രീയ പരിരക്ഷയൊരുക്കുന്നതിനാണ് കൺസർവേഷൻ ലബോറട്ടറി ഒരുക്കുന്നത്. ഇന്ത്യയിൽതന്നെ ഇത്തരം അത്യാധുനിക സജ്ജീകരണങ്ങളുള്ള മൂന്നാമത്തെ സ്ഥാപനമാണ് ശ്രീചിത്രാ ആർട്ട് ഗ്യാലറിക്ക് സമീപത്ത് പുതുതായി ഒരുക്കിയിരിക്കുന്ന കൺസർവേഷൻ ലബോറട്ടറി. രാജാ രവിവർമ ചിത്രങ്ങളുടെയും സ്‌കെച്ചുകളുടെയും ശാസ്ത്രീയ സംരക്ഷണമാണ് പ്രാരംഭ പദ്ധതിയായി ഏറ്റെടുത്തിരിക്കുന്നത്. ദേശീയതലത്തിലുള്ള ഒരു വിദഗ്ധ സമിതിക്ക് കീഴിൽ സാങ്കേതിക വിദഗ്ധരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ മ്യൂസിയം നോഡൽ ഏജൻസിയായ കേരള മ്യൂസിയം മുഖേനയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ ഉന്നതവിദ്യാഭ്യാസ, ടൂറിസം, പുരാവസ്തു-പുരാരേഖ, മ്യൂസിയം വകുപ്പ് അഡീ: ചീഫ് സെക്രട്ടറി ഡോ: വി. വേണു ആമുഖപ്രഭാഷണം നടത്തും. കേരള മ്യൂസിയം എക്സിക്യൂട്ടീവ് ഡയറക്ടർ ആർ. ചന്ദ്രൻ പിള്ള റിപ്പോർട്ട് അവതരിപ്പിക്കും. മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ എസ്. അബു സ്വാഗതവും ആർട്ട് ഗ്യാലറി ആൻറ് ആർട്ട് മ്യൂസിയം സൂപ്രണ്ട് പി.എസ്. മഞ്ജുളാ ദേവി നന്ദിയും പറഞ്ഞു.