മലപ്പുറം :കളക്ടട്രേറ്റില്‍ ആധുനിക സൗകര്യങ്ങളുള്ള റവന്യു ടവര്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി റവന്യു മന്ത്രി അഡ്വ. കെ രാജന്‍ നിലവിലെ ഓഫീസ് കെട്ടിടങ്ങള്‍ സന്ദര്‍ശിച്ചു. കളക്ട്രേറ്റിലെ കെട്ടിടങ്ങള്‍ക്ക് 100 ലധികം വര്‍ഷത്തെ പഴക്കമുള്ളതിനാല്‍ കൂടുതല്‍ സൗകര്യങ്ങളോടു കൂടിയ ഓഫീസ് സമുച്ചയം പണിയണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഓഫീസ് സൗകര്യങ്ങളിലെ പരിമിതികള്‍ മന്ത്രിയെ ബോധ്യപ്പെടുത്തി. ബ്രീട്ടീഷ് സൈന്യത്തിന്റെ ബാരക്കായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിലാണ് കഴിഞ്ഞ നൂറു വര്‍ഷത്തോളമായി കളക്ട്രേറ്റ് പ്രവര്‍ത്തിക്കുന്നത്. സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ബ്രിട്ടീഷ് സൈന്യത്തിന്റെ വസ്തുവകകള്‍ കേന്ദ്ര സര്‍ക്കാറില്‍ നിക്ഷിപ്തമായപ്പോള്‍ ബാരക്കായി ഉപയോഗിച്ചിരുന്ന കെട്ടിടം വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയായിരുന്നു. നിലവില്‍ ഈ കെട്ടിടത്തില്‍ കളക്ട്രേറ്റ് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളില്ല. രണ്ട് ഹാളുകള്‍ മാത്രമാണ് ഈ കെട്ടിട സമുച്ചയത്തിലുള്ളത്. ഈയൊരു സാഹചര്യത്തില്‍ ജില്ലാ കളക്ട്രേറ്റും മറ്റ് റവന്യു-സര്‍വ്വെ ഓഫീസുകളും വാടക കെട്ടിടത്തിലുള്ള മറ്റ് സര്‍ക്കാര്‍ ഓഫീസുകളും പ്രവര്‍ത്തിക്കുന്നതിന് യോജിച്ച രീതിയില്‍ റവന്യു ടവര്‍ പണിയുന്നതിനായി റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 65 കോടി രൂപയുടെ എസ്റ്റിമേറ്റ് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. അനുമതി ലഭ്യമായാലുടന്‍ റവന്യു ടവര്‍ നിര്‍മ്മാണ പ്രവൃത്തി തുടങ്ങാനാണ് തീരുമാനം. ഇതിന് മുമ്പ് എംഎല്‍എമാരുമായും ജനപ്രതിനിധികളുമായും കൂടിയാലോചിച്ച് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും അനുഭാവപൂര്‍വ്വമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു