കൊല്ലം: ഇരവിപുരം സുനാമി ഫ്‌ളാറ്റില്‍ കഴിഞ്ഞിരുന്ന മഞ്ജുവും മക്കളും ഇനി പത്തനാപുരം ഗാന്ധിഭവനിലേക്ക്. താമസസ്ഥലത്ത് പുറത്ത് നിന്നുളളവര്‍ നിരന്തരം ശല്യപ്പെടുത്തിയ പശ്ചാത്തലത്തില്‍ ട്രെയിനുകളില്‍ അന്തിയുറങ്ങുന്ന കുടുംബത്തിന്റെ ദുരവസ്ഥയ്ക്കാണ് വനിതാ കമ്മിഷന്‍ ഇടപെടലില്‍ പരിഹാരമായത്.
ചിന്നക്കടയിലെ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ മഞ്ജു, മക്കളായ ഷിജിന്‍, ശിവാനി എന്നിവരുമായി വനിതാ കമ്മിഷന്‍ അംഗം ഡോ. ഷാഹിദാ കമാല്‍ കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് അഭയകേന്ദ്രത്തിന്റെ സുരക്ഷ ഒരുക്കാനുള്ള തീരുമാനം.
സുരക്ഷിത താമസത്തിന് പുറമേ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായം നല്‍കും. ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്ന സാഹചര്യത്തില്‍ നിയമ നടപടിയും സ്വീകരിക്കുമെന്ന് ഷാഹിദ കമാല്‍ പറഞ്ഞു. ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ എ. പ്രതീപ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്.