പദ്ധതി 100% പൂർത്തിയാക്കി കോട്ടുവള്ളി ഗ്രാമപഞ്ചായത്ത്

കൊച്ചി: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി ജില്ലയെ പ്രകാശ പൂർണമാക്കാൻ പൂർണ്ണ സജ്ജമായി നിലാവ് പദ്ധതി. ആദ്യഘട്ടത്തിൽ ജില്ലയിൽ കോട്ടുവള്ളി, തിരുവാണിയൂർ, ചോറ്റാനിക്കര, തിരുമാറാടി, മഞ്ഞപ്ര, കൂവപ്പടി, മാറാടി, മലയാറ്റൂർ – നീലേശ്വരം തുറവൂർ എന്നീ ഒമ്പത് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്.

ഇതിൽ കോട്ടുവള്ളി പഞ്ചായത്തിൽ പദ്ധതി 100% പൂർത്തീകരിച്ചു. ആദ്യ പാക്കേജിൽ ലഭിച്ച 500 എൽ.ഇ.ഡി. ലൈറ്റുകൾ പൂർണ്ണമായും പഞ്ചായത്തിൽ സ്ഥാപിച്ചിട്ടുണ്ട്. തിരുവാണിയൂർ പഞ്ചായത്ത് ഇതിൽ ആദ്യ പാക്കേജിൽ ലഭിച്ച 476 എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ചോറ്റാനിക്കര പഞ്ചായത്തിൽ 475 ലൈറ്റുകൾ, തിരുമാറാടി പഞ്ചായത്തിൽ 450, മഞ്ഞപ്ര പഞ്ചായത്തിൽ 248, കൂവപ്പടി പഞ്ചായത്തിൽ 209, മാറാടി പഞ്ചായത്തിൽ 151, മലയാറ്റൂർ – നീലേശ്വരം പഞ്ചായത്തിൽ 100, തുറവൂർ പഞ്ചായത്തിൽ 100 എൽ.ഇ.ഡി. ലൈറ്റുകൾ നിലവിൽ സ്ഥാപിച്ചിട്ടുണ്ട്.

വൈദ്യുതി ഉപയോഗം കുറയ്ക്കുക, പാരിസ്ഥിതിക ആഘാതം ലഘൂകരിക്കുക എന്നീ ലക്ഷ്യത്തോടെ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമുള്ള പരമ്പരാഗത തെരുവുവിളക്കുകൾ ഘട്ടംഘട്ടമായി മാറ്റി പകരം എൽ.ഇ. ഡി. ലൈറ്റുകൾ സ്ഥാപിക്കുന്നതാണ് നിലാവ് പദ്ധതി. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിയിൽ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായി ചുമതലപ്പെടുത്തിയിരിക്കുന്നത് വൈദ്യുതി ബോർഡിനെയാണ്. തദ്ദേശസ്ഥാപനങ്ങളുടെ ആവശ്യത്തിനനുസരിച്ച് കെ എസ് ഇ ബി എൽ.ഇ.ഡി ബൾബുകൾ വാങ്ങി പോസ്റ്റുകളിൽ സ്ഥാപിക്കും. തദ്ദേശസ്ഥാപനങ്ങൾക്കാണ് ലൈറ്റുകളുടെ പരിപാലനചുമതല.