ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ 18 വയസു കഴിഞ്ഞ എല്ലാവർക്കും രണ്ടാഴ്ച്ച കൊണ്ട് ആദ്യ ഡോസ് വാക്സിൻ നൽകി നൂറുശതമാനം നേട്ടം കൈവരിക്കുകയെന്ന ലക്ഷ്യത്തോടെ പാതിരപ്പള്ളി കാമിലോട്ട് കൺവൻഷൻ സെന്ററിൽ നടത്തിയ മെഗാ വാക്സിനേഷൻ ക്യാമ്പിലൂടെ 7373 പേർക്ക് വാക്സിൻ നൽകി.

5000 പേർക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അധികമായി 2373 പേർക്കു കൂടി വാക്‌സിൻ നൽകാനായി. ആരോഗ്യ വകുപ്പിന്റെയും ആരോഗ്യ കേരളത്തിന്റെയും ആഭ്യമുഖ്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തിയത്. വാഹനത്തിൽ ഇരുന്ന് വാക്സിൻ നൽകുന്ന ഡ്രൈവ് ത്രൂ വാക്സിനേഷനിലൂടെ 545 പേർക്ക് വാക്സിൻ നൽകി.