കതിര്‍മണ്ഡപത്തിലേക്ക് നയിക്കാന്‍ ജില്ലാ കലക്ടര്‍, അനുഗ്രഹം ചൊരിഞ്ഞ് മന്ത്രി. വേറിട്ട ഒരു വിവാഹത്തിനാണ് ജില്ല സാക്ഷിയായത്. ഇഞ്ചവിള സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന ഷക്കീലയും വെള്ളിമണ്‍ സ്വദേശി വിധുരാജുമാണ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ അനുഗ്രാഹിശ്ശുകളോടെ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ കാര്‍മികത്വത്തില്‍ പുതുജീവിതത്തിലേക്ക് കടന്നത്.

പനമൂട് ദേവീക്ഷേത്രത്തില്‍ പകല്‍ 11 നും 12 നും മധ്യേയുള്ള ശുഭമുഹൂര്‍ത്തത്തിലാണ് കോവിഡ് മാനദണ്ഡം പാലിച്ച് ചടങ്ങ് നടത്തിയത്. ആളെണ്ണം പരിമിതമെങ്കിലും സമൂഹത്തിന്റെ പരിച്ഛേദം തന്നെ സുമൂഹൂര്‍ത്തത്തിന് സാക്ഷിയായി. കെട്ടുറപ്പുള്ള ദാമ്പത്യജീവിതം നേര്‍ന്ന് ഉപഹാരവും കൈമാറിയാണ് മന്ത്രി മടങ്ങിയത്.
രക്ഷകര്‍ത്താവിന്റെ സ്ഥാനത്തുനിന്ന് വധുവിനെ മണ്ഡപത്തിലേക്ക് നയിച്ച് വരണമാല്യം കൈമാറിയത് ഇഞ്ചവിള സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രം ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍. അദ്ദേഹത്തിന്റെ ഭാര്യ റുക്സാനയും ചടങ്ങുകളില്‍ ആദ്യാവസാനം പങ്കു ചേര്‍ന്നു.

തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രന്‍, വനിതാ-ശിശുവികസന ഓഫീസര്‍ എസ്. ഗീതാകുമാരി, സൂപ്രണ്ട് ടി. ജെ. മേരിക്കുട്ടി, സാംസ്‌കാരിക പ്രവര്‍ത്തകര്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, പൊലീസ്-വനിതാ ശിശുവികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.