സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ നീലവിപ്ലവത്തിലൂടെ മീന്‍ കൂടുകൃഷിയും വിളവെടുപ്പും വിജയകരമായി നടപ്പിലാക്കി നീണ്ടകരയിലെ സ്‌നേഹതീരം ഗ്രൂപ്പ്. കാളാഞ്ചി, പൊമ്പാനോ, കരിമീന്‍ തുടങ്ങി 24000 മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചിരിക്കുന്നത്. ഒരു വര്‍ഷമാണ് പദ്ധതി കാലയളവ്. 19 ടണ്‍ മത്സ്യ ഉല്‍പാദനം ആണ് ഓരോ യൂണിറ്റില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഭാഗിക വിളവെടുപ്പാണ് ഇപ്പോള്‍ നടന്നത്.

ജില്ലയില്‍ നാല് യൂണിറ്റുകളിലാണ് ഫിഷറീസ് വകുപ്പ് നീലവിപ്ലവം പദ്ധതിയുടെ ഭാഗമായി കൂട് മത്സ്യകൃഷി നടത്തുന്നത്. 90% സര്‍ക്കാര്‍ ധനസഹായത്തോടെയാണ് 10 പേര്‍ അടങ്ങുന്ന മത്സ്യത്തൊഴിലാളി ഗ്രൂപ്പുകള്‍ക്ക് ആനുകൂല്യം ലഭ്യമാക്കുന്നത്. 60 ലക്ഷം രൂപയാണ് യൂണിറ്റ് ചെലവ്. 4 മീറ്റര്‍ വീതം നീളവും വീതിയും താഴ്ചയുമുള്ള 20 ഫ്‌ളോട്ടിങ് കൂടുകളിലാണ് മീന്‍ വളര്‍ത്തല്‍.

നീണ്ടകര അമ്പിളി മുക്കില്‍ നടന്ന ചടങ്ങില്‍ സുജിത്ത് വിജയന്‍ പിള്ള എം.എല്‍.എ ടോറി ഹാരിസ് എക്‌സ്‌പോര്‍ട്ടിങ് കമ്പനി പ്രതിനിധികള്‍ക്ക് കൈമാറി ആദ്യ വില്‍പന നിര്‍വഹിച്ചു. പ്രതികൂല കാലാവസ്ഥ കാരണം തൊഴില്‍ മേഖലയില്‍ മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധിക്ക് ഇത്തരത്തിലുള്ള പദ്ധതികളിലൂടെ ശാശ്വത പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ അധ്യക്ഷനായി. മത്സ്യഫെഡ് ചെയര്‍മാന്‍ റ്റി.മനോഹരന്‍ മുഖ്യാതിഥിയായി. നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആര്‍. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.സി. പി. സുധീഷ് കുമാര്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം ജോയി ആന്റണി, വാര്‍ഡ് അംഗം എം. രജനി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സുഹൈര്‍, നീണ്ടകര ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ്.മഞ്ജു തുടങ്ങിയവര്‍ പങ്കെടുത്തു.