എറണാകുളം : കളമശ്ശേരി , വൈപ്പിൻ നിയോജക മണ്ഡലത്തിലെ ഇറിഗേഷൻ , ജലവിഭവ വകുപ്പ് പദ്ധതികളുടെ അവലോകന യോഗം ജലസേചന – ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഇരു മണ്ഡലത്തിലെയും വിവിധ പദ്ധതികളുടെ സ്ഥിതിഗതികൾ മന്ത്രി വിലയിരുത്തി. മന്ത്രി പി രാജീവും യോഗത്തിൽ പങ്കെടുത്തു. പദ്ധതികളുടെ നിർമ്മാണ പ്രവർത്തികളിൽ വീഴ്ച്ച വരുത്തരുത് . പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി. സാങ്കേതിക ബുദ്ധിമുട്ടുകളും അറ്റകുറ്റ പണികളും അടിയന്തിരമായി നടത്തണം .
കളമശേരി നിയോജക മണ്ഡലത്തിൽ കിഫ്ബി വാട്ടർ സപ്ലൈ സ്കീം ടു കരുമാലൂർ – കുന്നുകര പഞ്ചായത്ത് പദ്ധതിയുടെ നടപടികൾ വേഗത്തിലാക്കി ഡിസംബറിൽ നിർമ്മാണ ഉദ്ഘാടനം നടത്താൻ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ആലുവയിലെ പുതിയ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേരാനും അവലോകന യോഗത്തിൽ തീരുമാനിച്ചു. ആസ്ബറ്റോസ് പൈപ്പുകൾ മാറ്റി സ്ഥാപിക്കാനും മന്ത്രി വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ജലസേചന വകുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന പരാതികൾ ക്രോഡീകരിച്ച് പദ്ധതിയായി സമർപ്പിക്കണം എന്നും മന്ത്രി പറഞ്ഞു.
വൈപ്പിൻ നിയോജക മണ്ഡലത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നത് സംബന്ധിച്ച സമഗ്ര റിപ്പോർട്ട് അടിയന്തിരമായും സമയബന്ധിതമായും മന്ത്രി റോഷി അഗസ്റ്റിൻ ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കടലും കായലുകളും കൊണ്ട് ചുറ്റപ്പെട്ടുകിടക്കുന്ന ദ്വീപ് സമൂഹമായതിനാൽ സവിശേഷ പരിഗണന അർഹിക്കുന്നുണ്ടെന്നും സത്വര നടപടി വേണമെന്നും മന്ത്രി പറഞ്ഞു. ഞാറക്കൽ, മാലിപ്പുറം, മുരിക്കുംപാടം ഉപരിതല ടാങ്കിന്റെ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കണം. ഹഡ്കോ, ചൊവ്വര, മുപ്പത്തടം പദ്ധതികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഉടൻ പരിഹരിക്കണം. വല്ലാർപാടം ദ്വീപിനു ചുറ്റും സംരക്ഷണ ഭിത്തി നിർമ്മാണത്തിന് 17.14കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിൽ അവശേഷിക്കുന്ന പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്നും കടൽ ഭിത്തി, പുലിമുട്ട് നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച നിജസ്ഥിതി റിപ്പോർട്ട് നൽകണമെന്നും മന്ത്രി പറഞ്ഞു. മണ്ഡലത്തിലെ പഴയ കുടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കണമെന്നും കെ എൻ ഉണ്ണികൃഷ്ണൻ എം എൽ എ ആവശ്യപ്പെട്ടു.
ഗസ്റ്റ് ഹൗസിൽ ചേർന്ന
യോഗത്തിൽ വ്യവസായ നിയമ വകുപ്പ് മന്ത്രി പി. രാജീവ്, വൈപ്പിൻ എംഎൽഎ കെ.എൻ ഉണ്ണികൃഷ്ണൻ ഇറിഗേഷൻ, വാട്ടർ അതോറിറ്റി വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.