എറണാകുളം മെഡിക്കൽ കോളേജ്, കൊച്ചി കാൻസർ സെന്റർ എന്നിവയുടെ തുടർപ്രവർത്തനങ്ങൾ സംബന്ധിച്ച് തീരുമാനിക്കുന്നതിന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്, ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് എന്നിവരുടെ സാന്നിധ്യത്തിൽ ആഗസ്റ്റ് 31 ചൊവ്വാഴ്ച കളമശ്ശേരി മെഡിക്കൽ കോളജിൽ ഉന്നതതല യോഗം ചേരും. ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുക്കുക. രാവിലെ 11നാണ് യോഗം.

മെഡിക്കൽ കോളേജിലെ 368 കോടി രൂപയുടെ മാതൃ -ശിശു സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിന്റെ നിർമ്മാണം, ഓക്സിജൻ സ്റ്റോറേജ് പ്ളാന്റ് നിർമ്മാണം അവലോകനം, സ്വീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ് നവീകരണം എന്നിവ യോഗം വിലയിരുത്തി തുടർ നടപടികൾക്ക് രൂപം നൽകും. കോവിഡ് മൂന്നാം തരംഗവ്യാപനം നേരിടുന്നതിന് സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളും വിലയിരുത്തും. കൊച്ചി കാൻസർ സെന്റർ നിർമാണ പുരോഗതിയും യോഗം വിലയിരുത്തും.