വിശ്വാസ്യത, കാര്യക്ഷമത, നിഷ്‌കര്‍ഷത, നീതിപൂര്‍വമായ ഇടപെടല്‍ എന്നിവയാല്‍ ശ്രദ്ധേയമായ കേരള പി.എസ്.സി.യുടെ പ്രവര്‍ത്തനം രാജ്യത്താകെ മാതൃകയാണെന്ന് നിയമസഭാ സ്പീക്കര്‍ എം ബി രാജേഷ് പറഞ്ഞു. സംസ്ഥാനത്ത് ആദ്യമായി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച പി.എസ്.സി ജില്ലാ ഓഫീസ് കെട്ടിടത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.

ഒട്ടേറെ തടസ്സങ്ങളെയും പ്രായോഗിക പ്രശ്‌നങ്ങളെയും മറികടന്നാണ് ജില്ലാ പി.എസ്.സി ഓഫീസ് യാഥാര്‍ത്ഥ്യമായത്. പി.എസ്.സിയുടെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ ജില്ലാ ഓഫീസ് പ്രയോജനകരമാകും. കൂടുതല്‍ ജനസംഖ്യയുള്ള സംസ്ഥാനങ്ങളില്‍ നടത്തുന്ന നിയമനങ്ങളെക്കാള്‍ ഇരട്ടിയാണ് കേരളത്തില്‍ പി. എസ്.സി മുഖേന നടത്തുന്നത്. സാമൂഹിക- സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാരുകള്‍ വിട്ടുനില്‍ക്കുന്ന നിയോലിബറല്‍ കാലത്തെ ഉദാരവത്കരണ-ആധുനികവത്ക്കരണ രീതിയില്‍ നിന്ന് വ്യത്യസ്തമാണ് കേരളമാതൃക.

ഇവിടെ സര്‍ക്കാര്‍ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കുന്നു. കൂടുതല്‍ പരീക്ഷകള്‍, നിയമനങ്ങള്‍, കൂടിക്കാഴ്ചകള്‍ എന്നിവ നടത്തുന്നതിന് പശ്ചാത്തല സൗകര്യം ആവശ്യമാണ്. മാറുന്ന കാലത്തിന് അനുയോജ്യമായ പശ്ചാത്തല സംവിധാനങ്ങളോടെയാണ് ജില്ലാ ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത്. ഇത് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാന്‍ സഹായിക്കുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറെ ഗുണകരമാകുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.