ഇടുക്കി ജില്ലാ ടിബി സെന്ററിന്റെ ആഭിമുഖ്യത്തില്‍ തയ്യാറാക്കിയ ആനിമേഷന്‍ ചിത്രം ‘ അക്ഷയ എന്ന മിടുക്കി ‘ ഇടുക്കി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ജില്ലാ മെഡിക്കല്‍ ആഫീസര്‍ ഡോ. എന്‍ പ്രിയക്ക് ചിത്രത്തിന്റെ പോസ്റ്റര്‍ കൈമാറി പ്രകാശനം ചെയ്തു. ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്. ജില്ലാ ടിബി ആഫീസര്‍ ഡോ. സെന്‍സി ബി, ഔസേപ്പച്ചന്‍ ആന്റണി, പ്രസീത പി പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു. ഇതാദ്യമായാണ് ദേശീയ തലത്തില്‍ ഈ വിഷയത്തില്‍ ഒരു ആനിമേഷന്‍ ചിത്രം പുറത്തിറങ്ങുന്നത്. ജില്ലാ ടിബി ആഫീസര്‍ ഡോ. സെന്‍സി ബി എഴുതിയ കഥയെ ആസ്പദമാക്കി തയ്യാറാക്കിയ ആനിമേഷന്‍ ചിത്രമാണ് ‘അക്ഷയ എന്ന മിടുക്കി’.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള ക്ഷയരോഗാണുബാധ പരിശോധനയും, പ്രതിരോധ ചികിത്സയും സംബന്ധിച്ച് ആരോഗ്യവകുപ്പ് പുറത്തിറക്കിയ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെ ആസ്പദമാക്കിയാണ് ചിത്രം തയ്യാറാക്കിയിട്ടുള്ളത്.

ക്ഷയരോഗിയുമായി സമ്പര്‍ക്കമുള്ളവര്‍ക്ക് രോഗാണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവര്‍ക്ക് പ്രതിരോധ ചികിത്സ ആവശ്യമാണ്. എച്ച് ഐ വി ബാധിതര്‍, അവയവ മാറ്റ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്നവര്‍, ഡയാലിസിസ് ചെയ്യുന്നവര്‍, രോഗ പ്രതിരോധശേഷി കുറയുന്ന അസുഖങ്ങളുള്ളവര്‍, പ്രതിരോധ ചികിത്സ ആവശ്യമായ മറ്റ് വിഭാഗക്കാര്‍ എന്നിവര്‍ പ്രതിരോധ ചികിത്സ ആരംഭിക്കുന്നതിന് മുമ്പായി കഫ പരിശോധനയിലൂടെയും, മറ്റ് പരിശോധനകളിലൂടെയും ക്ഷയരോഗമില്ല എന്ന് ഉറപ്പാക്കേണ്ടതാണ്. ക്ഷയരോഗിയുമായി സമ്പര്‍ക്കമുള്ള 5 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളിലും, മുതിര്‍ന്നവരിലും, മുന്‍ഗണന വിഭാഗക്കാരിലും ഐജിആര്‍എ രക്തപരിശോധനയിലൂടെ ക്ഷയരോഗാണുബാധ കണ്ടെത്താം. ക്ഷയരോഗ പരിശോധനയും ചികിത്സയും തികച്ചും സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായോ, ജില്ലാ ടിബി സെന്ററുമായോ ബന്ധപ്പെടുക.