കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും സ്ത്രീ സുരക്ഷ, പുനരധിവാസം എന്നിവ ഉറപ്പാക്കുന്നതിനുമായി കൊല്ലം സിറ്റി പോലീസ്, വിദ്യാഭ്യാസ വകുപ്പ്, ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ എന്നിവ ചേര്‍ന്ന് നടപ്പിലാക്കുന്ന സേഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. വിമലഹൃദയ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം നിര്‍വഹിച്ചു.
പ്രതിരോധമാണ് ഏറ്റവും നല്ല സുരക്ഷാമാര്ഗമെന്ന് കുട്ടികള്‍ തിരിച്ചറിയണമെന്ന് മന്ത്രി പറഞ്ഞു. പുതുതലമുറയില്‍ സുരക്ഷിതത്വബോധം സൃഷ്ടിക്കാനാണ് പോലീസ് മുന്‍കൈയെടുത്ത് സേഫ് പോലുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത്. സമൂഹത്തിന്റെയാകെ സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കാന്‍ കുട്ടികളും തയ്യാറാകണം. വഴിതെറ്റിക്കാനെത്തുന്നവരെ തിരിച്ചറിയുന്നതിനൊപ്പം ക്രിമിനലുകളെ ചെറുത്ത് തോല്‍പ്പിക്കാനുള്ള ശ്രമവും വിദ്യാര്‍ഥികളില്‍ നിന്നുണ്ടാവണമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു.
എം. നൗഷാദ് എം.എല്‍.എ. അധ്യക്ഷനായി. സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. അരുള്‍ ആര്.ബി. കൃഷ്ണ പദ്ധതി അവതരിപ്പിച്ചു. ഐ.എസ്.ആര്.ഒ മുന്‍ ഡയറക്ടര്‍ ഡോ. എ.ജി. രാജേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എസ്. ഷിഹാബുദീന്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ വില്‍മ മേരി, ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ വി. പരമേശ്വരന്‍കുട്ടി, പോലീസ് അസോസിയേഷന് ഭാരവാഹികളായ ബി.എസ്. സനോജ്, കെ. ബാലന് തുടങ്ങിയവര്‍ പങ്കെടുത്തു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ നേരിടുന്നതിന് സമൂഹത്തെ സജ്ജമാക്കുന്നതിനായി സേഫ് പദ്ധതി വഴി ഇതുവരെ 380ലധികം ബോധവത്കരണ ക്ലാസുകളാണ് നടത്തിയത്. സെമിനാറുകള്‍, മറ്റു കാമ്പയിനുകള്‍ എന്നിവയും അനുബന്ധമായി നടത്തുന്നുണ്ട്. മൂന്നാം ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ച ഹ്രസ്വ ചിത്രം ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.