വേണാട് പ്യൂരിഫൈഡ് വാട്ടര്‍ വിപണിയിലേക്ക്
കുറഞ്ഞ നിരക്കില്‍ കുടിവെള്ളം ലഭ്യമാക്കുന്നതിനായി കൊല്ലം കോര്‍പറേഷനും കുടുംബശ്രീയുടെ മിത്ര ഗ്രൂപ്പും ചേര്‍ന്ന് വേണാട് പ്യൂരിഫൈഡ് ഡ്രിങ്കിങ്ങ് വാട്ടര്‍ വിപണയിലെത്തിക്കുന്നു. ഇരുപത്തിയഞ്ച് രൂപയ്ക്ക് 20 ലിറ്റര്‍ കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതി കോര്‍പറേഷനില്‍ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. ഇതോടൊപ്പം മത്സ്യത്തൊഴിലാളികള്‍ക്ക് 24 മണിക്കൂര്‍ മീന്‍ കേടു കൂടാതെ സൂക്ഷിക്കാനുള്ള ഐസ് ബോക്‌സുകളുടെ വിതരണവും മന്ത്രി നിര്‍വഹിച്ചു.
കൊല്ലത്തിന്റെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ പുതിയ സംരംഭത്തിനാകുമെന്ന് മന്ത്രി പറഞ്ഞു. 307 കോടി രൂപ ചെലവില്‍ നടപ്പിലാക്കുന്ന ഞാങ്കടവ് പദ്ധതി പോലെയുള്ളവ ജില്ലയുടെയാകെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ ഭാഗമായാണ് കോര്‍പറേഷന്‍ ഓഫീസ് പരിസരത്ത് കുടിവെള്ള പ്ലാന്റ് സ്ഥാപിച്ചത്. 25.5 ലക്ഷം രൂപയാണ് ചിലവ്. കുടുംബശ്രീയില്‍ നിന്ന് തെരഞ്ഞെടുത്ത അഞ്ച് വനിതകളെ ഉള്‍പ്പെടുത്തി രൂപീകരിച്ച മിത്ര ഗ്രൂപ്പിനാണ് നടത്തിപ്പിന്റെ ചുമതല. 20 ലിറ്ററിന്റെ കാനിനും ഡിസ്‌പെന്‍സറിനും 300 രൂപ മുന്‍കൂറായി അടച്ച് രജിസ്റ്റര്‍ ചെയ്യണം. കാന്‍ മാത്രം ലഭിക്കാന്‍ 180 രൂപയാണ് നിരക്ക്.
ചടങ്ങില്‍ മേയര്‍ അഡ്വ. വി. രാജേന്ദ്രബാബു അധ്യക്ഷനായി. എം. നൗഷാദ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ എം.എ. സത്താര്‍, ആനേപ്പില്‍ ഡി. സുജിത്ത്, ചിന്ത എല്‍. സജിത്ത്, വി.എസ്. പ്രിയദര്‍ശന്‍, ഷീബ ആന്റണി, ടി.ആര്‍. സന്തോഷ് കുമാര്‍, എസ്. ഗീതാകുമാരി, മറ്റു കൗണ്‍സിലര്‍മാര്‍, കോര്‍പറേഷന്‍ സെക്രട്ടറി വി.ആര്‍. രാജു, അഡീഷണല്‍ സെക്രട്ടറി ആര്‍.എസ്. അനു, സി.ഡി.എസ് ജില്ലാ പ്രസിഡന്റ് ബീമ തുടങ്ങിയവര്‍ പങ്കെടുത്തു.