തരൂർ മണ്ഡലത്തിലെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ മെറിറ്റിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ നൂറ് ശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും, ഉന്നത വിജയം കരസ്ഥമാക്കിയ മുഴുവൻ സ്കൂളുകളെയും അനുമോദിച്ചു. തരൂർ മണ്ഡലത്തിൽ എസ്.എസ് എൽ.സിയിൽ 100% വിജയം നേടിയ ഒമ്പത് സ്കൂളുകൾക്കും 99 ശതമാനം വിജയം നേടിയ അഞ്ച് സ്കൂളുകൾക്കും പ്ലസ്ടു വിഭാഗത്തിൽ ഉന്നത വിജയം നേടിയ 13 സ്കൂളുകൾക്കുമാണ് ട്രോഫികൾ വിതരണം ചെയ്തത്. കൂടാതെ മണ്ഡലത്തിൽ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ വിജയിച്ച 4777 വിദ്യാർഥികൾക്ക് പി.പി. സുമോദ് എം.എൽ.എയുടെ അനുമോദന കത്തും നൽകി. അനുമോദന പരിപാടി ഉദ്ഘാടനം മെറിറ്റ് ചെയർമാൻ കൂടിയായ പി.പി. സുമോദ് എം.എൽ.എ നിർവഹിച്ചു. നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
വടക്കഞ്ചേരി ഇ.എം.എസ്. സ്‌മാരക കമ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി അദ്ധ്യക്ഷനായി. തരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ. രമണി, മെറിറ്റ് ഉപദേശക സമിതി അംഗം ഡോ. കെ. വാസുദേവൻ പിള്ള, ആയക്കാട് ഹൈസ്കൂൾ പ്രധാന അദ്ധ്യാപകൻ സുരേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു. മെറിറ്റ് കൺവീനർ എൻ.പി.ജയപ്രകാശ്, കെ.ജി.രാജേഷ് മാസ്റ്റർ, മണ്ഡലത്തിലെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.