മൂപൈനാട്: മൂപ്പൈനാട് ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയായ പുതിയ കോണ്‍ഫറന്‍സ് ഹാള്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 250 പേര്‍ക്കിരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും മീറ്റിംഗ് ഹാളും ലോകബാങ്കിന്റെ ഫണ്ടുപയോഗിച്ചാണ് പൂര്‍ത്തിയാക്കിയത്. നിലവിലെ കെട്ടിടത്തിന്റെ മുകള്‍ നില രണ്ടു ഭാഗങ്ങളായി തിരിച്ചാണ് ഹാളുകള്‍ക്ക് സ്ഥലമൊരുക്കിയത്. മൂന്നാംനിലയുടെ പ്രവൃത്തികള്‍ക്കും ഹാളുകളിലെ ഫര്‍ണിച്ചറുകള്‍ക്കും മറ്റുമായി 63 ലക്ഷം രൂപ ചിലവിട്ടു. 10.70 ലക്ഷം രൂപയുടെ ഫര്‍ണിച്ചറുകള്‍ ഇരു ഹാളുകളിലും സജ്ജീകരിച്ചത് റബ്‌കോയാണ്. മീറ്റിംഗ് ഹാളിനും ഫര്‍ണിച്ചറുകള്‍ക്കും കൂടി 20 ലക്ഷം രൂപ വിനിയോഗിച്ചു. ബാക്കിയുള്ള തുക കോണ്‍ഫറന്‍സ് ഹാളിനും ചിലവാക്കുകയായിരുന്നു. ഗോത്രസമൂഹത്തിനായി വാദ്യോപകരണ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമയും മീറ്റിങ് ഹാള്‍ ഉദ്ഘാടനം പഞ്ചായത്ത് പ്രഥമ പ്രസിഡന്റ് പി.പി.എ കരീമും നിര്‍വഹിച്ചു. ഓഫിസ് നവീകരണത്തിന്റെ ഭാഗമായി ടച്ച് സ്‌ക്രീന്‍, ടിവി എന്നിവയും ഒരുക്കിയിട്ടുണ്ട്. ആര്‍.യമുന, യഹ്യാഖാന്‍ തലക്കല്‍, ജഷീര്‍ പള്ളിവയല്‍, വിജയകുമാരി, ജോളിസ് സ്‌കറിയ, കെ. വിജയന്‍, കാപ്പന്‍ ഹംസ, ഡോ. ഹരിശങ്കര്‍, സെക്രട്ടറി കെ. രാമചന്ദ്രന്‍, വി. കേശവന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഹരിഹരന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ യശോദ എന്നിവര്‍ സംസാരിച്ചു.
