കേരളത്തില്‍ ആദ്യമായി പരീക്ഷണടിസ്ഥാനത്തില്‍ സര്‍വീസ് നടത്തുന്ന പരിസ്ഥിതി സൗഹൃദ വൈദ്യുതി ബസിന്റെ കോഴിക്കോട് മേഖലാതല ഫ്‌ളാഗ് ഓഫ് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ നിര്‍വ്വഹിച്ചു. കൊച്ചി, തിരുവനന്തപുരം നഗരപ്രദേശങ്ങളില്‍ പരീക്ഷണടിസ്ഥാനത്തില്‍ നടത്തിയ സര്‍വീസുകള്‍ വിജയകരമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം, കൊച്ചി, കൊല്ലം, തൃശുര്‍ കോഴിക്കോട് എന്നീ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ഹരിത ട്രിബ്യൂണല്‍ വിധിയില്‍ അപ്പീല്‍ നല്‍കിയപ്പോള്‍ സര്‍ക്കാര്‍ പരിസ്ഥിതി സൗഹൃദ വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് മാര്‍ഗങ്ങള്‍ ആരായുമെന്ന് വ്യക്തമാക്കി യിരുന്നു. ഇതിന്റെ ഭാഗമായാണ് വൈദ്യുതി ബസ്  പരീക്ഷിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
കൊച്ചിയില്‍ ഒരു റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി  സി.എന്‍.ജി സര്‍വീസ് വിജയകരമാണ്. കെ.എസ്.ആര്‍.ടി.സിയെ ലാഭത്തിലാക്കാനുള്ള പരിശ്രമങ്ങള്‍ക്ക് ജീവനക്കാര്‍ നല്ല പിന്തുണ നല്‍കുന്നുണ്ട്. കോഴിക്കോട് ഡിപ്പോ, പ്രതിദിന  വരുമാനത്തില്‍ ഗണ്യമായ വര്‍ധനവ് കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോ അങ്കണത്തില്‍ നടന്ന ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. വി കെ സി മമ്മദ് കോയ എം.എല്‍.എ, വാര്‍ഡ് കൗണ്‍സിലര്‍ ലളിത പ്രഭ, കെ എസ് ആര്‍ ടി സി മേഖലാ മാനേജര്‍ ജോഷി ജോണ്‍, ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ സംസാരിച്ചു. ബേപ്പൂരിലേക്ക് നടത്തിയ ആദ്യ പരീക്ഷണ സര്‍വീസില്‍ മന്ത്രിയും എം.എല്‍.എ മാരും യാത്ര ചെയ്തു. ബേപ്പൂര്‍, കുന്ദമംഗലം, ബാലുശേരി, കൊയിലാണ്ടി രാമനാട്ടു കര, അടിവാരം എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തി. ജില്ലയില്‍ അഞ്ച് ദിവസം ബസ് പരീക്ഷണ ഓട്ടം നടത്തും.