ആലപ്പുഴ: പനി, ചുമ, തലവേദന, തൊണ്ടവേദന, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ എത്രയും വേഗം കോവിഡ് പരിശോധന നടത്തി കോവിഡ് ആണോയെന്ന് ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ല മെഡിക്കല്‍ ഓഫീസ്. നേരിയ രോഗലക്ഷണങ്ങള്‍ ആണെങ്കില്‍ പോലും കോവിഡ് അല്ലെന്ന് ഉറപ്പാക്കിയില്ലെങ്കില്‍ രോഗം കുടുംബത്തിലേയും സമൂഹത്തിലേയും മറ്റുള്ളവരിലേക്ക് പകരാനിടയാകും. രോഗലക്ഷണങ്ങളോടെ തൊഴിലിടങ്ങളില്‍ പോകുന്നതും പൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതും തീവ്രരോഗവ്യാപനത്തിന് ഇടയാക്കും.
പ്രായമായവര്‍ക്കും മറ്റു ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ക്കും കുട്ടികള്‍ക്കും കോവിഡ് ബാധ സങ്കീര്‍ണമായ രോഗാവസ്ഥകളിലേയ്ക്ക് നയിക്കുകയും മരണ നിരക്ക് ഉയരുകയും ചെയ്യും. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ വീട്ടിലെ മറ്റംഗങ്ങളുമായി ഇടപെഴകാതെ റൂം ക്വാറന്റൈനില്‍ പോകണം. ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിച്ച ശേഷം പരിശോധന നടത്തുകയും അവരുടെ നിര്‍ദ്ദേശാനുസരണം പ്രവര്‍ത്തിക്കുകയും ചെയ്യണം. സ്വയം അശ്രദ്ധകൊണ്ട് കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും രോഗബാധിതരാകാതിരിക്കാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.