*നിസാൻ ഡിജിറ്റൽ ഹബിനുള്ള ആദ്യഘട്ട ഭൂമി കൈമാറ്റത്തിന്റെ ധാരാണാപത്രം ഒപ്പുവച്ചു

കേരളത്തിന്റെ വ്യവസായാനുകൂല അന്തരീക്ഷവും ഇവിടത്തെ സാധ്യതകളും കൃത്യമായി തിരിച്ചറിഞ്ഞ് നിസാൻ കമ്പനി എത്തുന്നത് മറ്റു വ്യവസായികൾക്ക് മാതൃകയാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരത്ത് നിസാൻ ഡിജിറ്റൽ ഹബിനുള്ള ആദ്യഘട്ട ഭൂമി കൈമാറ്റത്തിന്റെ ധാരാണാപത്രം ഒപ്പുവയ്ക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പല മലയാളി വ്യവസായ പ്രമുഖരും പുതുസംരംഭങ്ങൾക്ക് കേരളത്തെ തിരഞ്ഞെടുക്കുന്നതിൽ വിമുഖത കാട്ടുന്ന വേളയിലാണ് നിസാൻ ഡിജിറ്റൽ ഹബ് ആരംഭിക്കുന്നതിന് കമ്പനിയുടെ ചീഫ് ഇൻഫർമേഷൻ ഓഫീസറായ ആന്റണി തോമസ് മുന്നോട്ടു വരുന്നത്. നിസാൻ ഡിജിറ്റൽ ഹബ് വളരുകയും അഭൃവൃദ്ധിപ്പെടുകയും ചെയ്യണം എന്നതിൽ സർക്കാരിന് നിർബന്ധബുദ്ധിയുണ്ട്. അതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. കഴിഞ്ഞ ഒക്‌ടോബറിൽ രാഷ്ട്രപതി നോളജ് സിറ്റിക്ക് തറക്കല്ലിട്ട് മാസങ്ങൾക്കുള്ളിൽ ശ്രദ്ധേയമായ സംരംഭം യാഥാർത്ഥ്യമാവുകയാണ്. പറയുന്ന കാര്യങ്ങൾ നടപ്പാവും എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണിത്.
നിസാൻ ഡിജിറ്റൽ ഹബ് പൂർണ വളർച്ചയെത്തുന്ന മുറയ്ക്ക് അനുബന്ധ വികസനവും തൊഴിൽ സാധ്യതകളും ഉണ്ടാവും. അത് കേരളത്തിന്റെ പൊതുവായ വികസനത്തിനുള്ള അന്തരീക്ഷം ഒരുക്കും. കേരളത്തെ ഡിജിറ്റൽ സംസ്ഥാനമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളും സമീപനങ്ങളുമാണ് നിസാനെ കേരളത്തിലെത്തിച്ചതും ഡിജിറ്റൽ ഹബ് സ്ഥാപിക്കുന്നതിലേക്ക് നയിച്ചതും. എഴുപത് ഏക്കറിലാണ് ഡിജിറ്റൽ ഹബ് ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ 30 ഏക്കർ സ്ഥലമാണ് കൈമാറുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചീഫ് സെക്രട്ടറി പോൾ ആന്റണിയും നിസാൻ ചീഫ് ഇൻഫർമേഷൻ ഓഫീസർ ആന്റണി തോമസും ധാരാണാപത്രം ഒപ്പുവച്ചു. സർക്കാരിന്റെ ചുവപ്പുനാട ഈ പദ്ധതിക്ക് തടസം സൃഷ്ടിക്കില്ലെന്ന് ചീഫ് സെക്രട്ടറി പോൾ ആന്റണി പറഞ്ഞു. ഡിജിറ്റൽ ഹബ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ആദ്യ കത്ത് അയച്ച് അഞ്ച് മാസത്തിനുള്ളിൽ ധാരണാപത്രം ഒപ്പുവയ്ക്കാൻ കഴിഞ്ഞതായി കിഫ്ബി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. കെ. എം. എബ്രഹാം പറഞ്ഞു. ഇതിന്റെ ചർച്ചകൾക്കായി ജപ്പാനിൽ പോയ അവസരത്തിൽ നിരവധി സംശയങ്ങളും ചോദ്യങ്ങളും നിസാൻ അധികൃതരിൽ നിന്നുണ്ടായി. നാൽപത് വർഷങ്ങൾക്ക് മുൻപ് സിവിൽ സർവീസ് ഇന്റർവ്യൂ ബോർഡിനു മുന്നിലാണ് അത്തരം ചോദ്യങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളതെന്ന് ഡോ. കെ. എം. എബ്രഹാം പറഞ്ഞു.
ഈ വർഷം അവസാനത്തോടെ 500 പേർക്ക് തൊഴിൽ ലഭ്യമാകുന്ന തരത്തിൽ പ്രവർത്തനം ആരംഭിക്കുമെന്ന് നിസാൻ ചീഫ് ഇൻഫർമേഷൻ ഓഫീസർ ആന്റണി തോമസ് പറഞ്ഞു. പുതിയ സംരംഭം തുടങ്ങുന്നതിന്റെ ഭാഗമായി ജാപ്പാന്റെ പാരമ്പര്യ വിശ്വാസം അനുസരിച്ച് ഡർമ ഡോളിന് മുഖ്യമന്ത്രിയും ആന്റണി തോമസും ചേർന്ന് കണ്ണുകൾ വരച്ചു. ഐ. ടി സെക്രട്ടറി ശിവശങ്കർ, ടെക്‌നോപാർക്ക് സി. ഇ. ഒ ഋഷികേശ് നായർ, വകുപ്പുതല ഉദ്യോഗസ്ഥർ, നിസാൻ കമ്പനി പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.