എല്ലാവര്‍ക്കും രണ്ട് ഡോസ് ലഭിച്ചു
നെല്ലിയാമ്പതി മേഖലയില്‍ 60 ന് മുകളിലുള്ള പൊതുവിഭാഗക്കാരുടെ വാക്‌സിനേഷന്‍ 100 ശതമാനമായി. എല്ലാവര്‍ക്കും രണ്ട് ഡോസും നല്‍കിയതായി നെല്ലിയാമ്പതി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.ജി. ആനന്ദ് അറിയിച്ചു. മാര്‍ച്ച് 15 മുതലാണ് മേഖലയില്‍ വാക്‌സിനേഷന്‍ ആരംഭിച്ചത്. നെല്ലിയാമ്പതി പി.എച്ച്.സി മുഖേന കോവിഷീല്‍ഡ് വാക്‌സിനാണ് നല്‍കുന്നത്. 60 വയസിന് മുകളിലുള്ള 441 പേരും വാക്‌സിന്‍ സ്വീകരിച്ചു.
നെല്ലിയാമ്പതിയിലെ പൊതുവിഭാഗക്കാരുടെ വാക്‌സിനേഷന്‍ പുരോഗതി
- 45 നും 60നും ഇടയില്‍ പ്രായമുള്ള 99.6 ശതമാനം പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. 1205 പേരില്‍ 1201 പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്.
- 18 നും 44 നും ഇടയില്‍ 85 ശതമാനം പേര്‍ വാക്‌സിനെടുത്തിട്ടുണ്ട്. 1636 പേരില്‍ 1391 പേരാണ് വാക്‌സിനെടുത്തത്.
- ഇത്തരത്തില്‍ പൊതുവിഭാഗത്തില്‍ ആകെ 92 ശതമാനം പേരാണ് വാക്‌സിന്‍ സ്വീകരിച്ചത്. 3033 ല്‍ 3282 പേര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇതില്‍ ഒരു ഡോസും രണ്ട് ഡോസും എടുത്തവര്‍ ഉള്‍പ്പെടുന്നു.
എസ്.ടി വിഭാഗത്തില്‍ വാക്‌സിനേഷന്‍ 90.8 ശതമാനം
നെല്ലിയാമ്പതിയിലെ പട്ടികവര്‍ഗ വിഭാഗക്കാരില്‍ 90.8 ശതമാനം വാക്‌സിനേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. 306 പേരില്‍ 278 പേരാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്.
ഫോറസ്റ്റ് ട്രൈബ്യൂണല്‍ സിറ്റിങ് 6, 7, 27, 28 തീയതികളില്‍
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫോറസ്റ്റ് ട്രൈബ്യൂണല്‍ ജില്ലയില്‍ രണ്ട് ഘട്ടങ്ങളിലായി ക്യാമ്പ് സിറ്റിങ് നടത്തുന്നു. സെപ്റ്റംബര്‍ 6, 7, 27, 28 തീയതികളില്‍ പാലക്കാട് ഡി.ടി.പി.സി കോമ്പൗണ്ടില്‍ സിറ്റിങ് നടക്കും.