കോട്ടയം ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും വളര്‍ത്തുമൃഗങ്ങള്‍ക്ക് രാത്രിയില്‍ അടിയന്തിര ചികിത്സ ലഭ്യമാക്കുന്നതിനുള്ള സംവിധാനമായി. കഴിഞ്ഞവര്‍ഷം ആരംഭിച്ച എട്ടു ബ്ലോക്കുകള്‍ക്കു പുറമേ ഉഴവൂര്‍, പാമ്പാടി, ഈരാറ്റുപേട്ട എന്നിവിടങ്ങളിലും രാത്രി ചികിത്സ തുടങ്ങി.

മൃഗാശുപത്രികളോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന രാത്രികാല ചികിത്സാ കേന്ദ്രത്തിന്‍റെ സേവനം വൈകുന്നേരം ആറു മുതല്‍ രാവിലെ ആറു വരെ ലഭിക്കും. ഇതിനായി എല്ലാ കേന്ദ്രങ്ങളിലും പ്രത്യേകം വെറ്ററിനറി ഡോക്ടറും അറ്റന്‍ഡറും ഉണ്ടാകും.

മുപ്പതിനായിരം രൂപയുടെ മരുന്നുകളും ഓരോ കേന്ദ്രത്തിലും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അത്യാവശ്യ മരുന്നുകള്‍ സൗജന്യമായി ലഭിക്കും.
ഉഴവൂര്‍ ബ്ലോക്കില്‍ കോഴ മൃഗാശുപത്രിയോടനുബന്ധിച്ചുള്ള രാത്രികാല മൃഗ ചികിത്സാ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മിനി മത്തായി ഉദ്ഘാടനം ചെയ്തു.