റാന്നി നോളജ് വില്ലേജ് പദ്ധതി വൈജ്ഞാനിക മുന്നേറ്റത്തിന് മാതൃകയാകുമെന്ന് മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് പറഞ്ഞു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ റാന്നി നിയോജക മണ്ഡലത്തില്‍ നടത്തുന്ന നോളജ് വില്ലേജിന്റെ ഭാഗമായി അധ്യാപകരുമായി സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് കാല വിദ്യാഭ്യാസത്തിന്റെ പരിമിതികളെ മറികടക്കാനുള്ള നൂതന പഠന രീതികള്‍, വിദ്യാര്‍ഥികളുടെ അഭിരുചി കണ്ടെത്തല്‍, ഭാഷാപ്രാവീണ്യം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍, ഡിജിറ്റല്‍ വിദ്യാഭ്യാസം സര്‍ഗാത്മകമാക്കാന്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പരിശീലനം, ഉന്നത വിദ്യാഭ്യാസം നേടിയവര്‍ക്ക് തൊഴില്‍ വൈദഗ്ധ്യം നേടാന്‍ ഉള്ള പരിശീലനം, വിദേശത്തും സ്വദേശത്തുമുള്ള തൊഴില്‍ അവസരങ്ങളും ഉപയോഗപ്പെടുത്താനുള്ള പരിശീലനവും, പ്രീപ്രൈമറി വിദ്യാഭ്യാസത്തെ മോണ്ടിസോറി പഠന രീതിയുമായി ബന്ധപ്പെടുത്തിയുള്ള കരിക്കുലം നവീകരണം തുടങ്ങിയ പദ്ധതികളുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളുടെ വിശദമായ രൂപരേഖ തുടര്‍ന്ന് തയാറാക്കും.