നിര്‍മാണ പ്രവൃത്തി ഉടന്‍ ആരംഭിക്കും

സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി അന്തര്‍ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന കൊണ്ടോട്ടി -എടവണ്ണപ്പാറ -അരീക്കോട് റോഡ് നവീകരണ പ്രവൃത്തിയുടെ അന്തിമ ഡിസൈനിന് തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗം അംഗീകാരം നല്‍കി. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് റോഡ് പ്രവൃത്തി സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് പദ്ധതി ആവിഷ്‌ക്കരിച്ചത്.

കിഫ്ബി പദ്ധതിയില്‍ 123 കോടി രൂപ ഉപയോഗിച്ചാണ് അന്തര്‍ദേശീയ നിലവാരത്തില്‍ റോഡ് നവീകരിക്കുന്നത്. 13.6 മീറ്റര്‍ വീതിയില്‍ റബറൈസ്ഡ് ടാറിങ്, ഡ്രൈനേജ്, നടപ്പാത ഐറിഷ് ഡ്രൈന്‍ തുടങ്ങിയ സൗകര്യങ്ങളുണ്ടാകും. കൊണ്ടോട്ടി, മുതുവല്ലൂര്‍, ചീക്കോട്, വാഴക്കാട്, അരീക്കോട് എന്നി സ്ഥലങ്ങളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. കൊണ്ടോട്ടി മുതല്‍ എടവണ്ണപ്പാറ വഴി അരീക്കോട് വരെ റോഡിന് 21 കിലോമീറ്റര്‍ ദൂരമാണുള്ളത്.

യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, ടി.വി. ഇബ്രാഹീം എം.എല്‍.എ. പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആനന്ദ് സിങ്, കിഫ്ബി, കെ.ആര്‍.എഫ്.സി, പൊതുമരാമത്ത് വകുപ്പ് എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥര്‍, കരാര്‍ പ്രവൃത്തി ഏറ്റെടുത്ത മലബാര്‍ ടെക് എം.ഡി തുടങ്ങിയവര്‍ പങ്കെടുത്തു.