ആലപ്പുഴ: അഴീക്കല്‍ ഭാഗത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടമുണ്ടായതറിഞ്ഞ് പാഞ്ഞെത്തി മന്ത്രിമാരായ പി. പ്രസാദും സജി ചെറിയാനും. കളക്ടറേറ്റില്‍ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട യോഗത്തിലായിരുന്ന മന്ത്രി പി. പ്രസാദ് അപകട വിവരമറിഞ്ഞ ഉടന്‍ കായംകുളം താലൂക്ക് ആശുപത്രിയിലെത്തി. അപകടത്തില്‍ മരിച്ചവരുടെ കോവിഡ് പരിശോധന നടത്തി വേഗത്തില്‍ പോസ്റ്റ്മാര്‍ട്ടം ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. ജില്ല കളക്ടര്‍ എ. അലക്‌സാണ്ടറും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. തിരുവനന്തപുരത്തായിരുന്നു ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അപകട വിവരമറിഞ്ഞയുടന്‍ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തി. പരിക്കേറ്റവര്‍ക്ക് വേഗത്തില്‍ ചികിത്സ ഉറപ്പാക്കാനും മരിച്ചവരുടെ മൃത ശരീരം പോസ്റ്റ്മാര്‍ട്ടം ചെയ്യുന്നതടക്കമുള്ള നടപടികള്‍ക്ക് വേഗത്തിലാക്കാന്‍ മന്ത്രിമാരുടെ ഇടപെടലുണ്ടായി. കടലില്‍ രൂപപ്പെട്ട ചുഴിയില്‍ അകപ്പെട്ടാണ് വള്ളം മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. കായംകുളം താലൂക്ക് ആശുപത്രി, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി പ്രത്യേകം ഉദ്യോഗസ്ഥരേയും നിയമിച്ചിരുന്നു.