പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സ
– അടിയന്തര ധനസഹായം കൈമാറി
– മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ മന്ത്രിമാര്‍ സന്ദര്‍ശിച്ചു

ആലപ്പുഴ: അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും സര്‍ക്കാര്‍ എല്ലാ വിധ സഹായവും ലഭ്യമാക്കുമെന്ന് ഫിഷറീസ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദും പറഞ്ഞു. മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍.
പരുക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയൊരുക്കും. മത്സ്യത്തൊഴിലാളികള്‍ക്കുണ്ടായ മറ്റ് നഷ്ടങ്ങളും പരിശോധിച്ച് ഉചിതമായ നടപടിയെടുക്കും. മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് എല്ലാ വിധ സഹായവും സര്‍ക്കാര്‍ നല്‍കും.
മരണമടഞ്ഞവരുടെ കുടുംബത്തിനും അപകടത്തില്‍ പരിക്കേറ്റവര്‍ക്കും അടിയന്തര ധനസഹായം കൈമാറി. മന്ത്രിമാരായ സജി ചെറിയാന്‍, പി. പ്രസാദ് എന്നിവര്‍ ചേര്‍ന്നാണ് ധനസഹായം കൈമാറിയത്. മന്ത്രി സജി ചെറിയാന്‍ ആവശ്യപ്പെട്ടത് പ്രകാരം സംസ്ഥാന മത്സ്യഫെഡ് മരിച്ചവരുടെ കുടുംബത്തിന് പതിനായിരം രൂപയും പരുക്കേറ്റവര്‍ക്ക് അയ്യായിരം രൂപയുമാണ് അടിയന്തരമായി കൈമാറിയത്. ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായിട്ടുള്ള മരിച്ചയാളുടെ കുടുംബത്തിന് മത്സ്യബോര്‍ഡ് പതിനായിരം രൂപയും മരിച്ച മറ്റ് മൂന്ന് പേരുടെ കുടുംബത്തിന് അയ്യായിരം രൂപയും കൈമാറി. മരണമടഞ്ഞ പുത്തന്‍കോട്ടയില്‍ സുദേവന്‍, പാനോലില്‍ ശ്രീകുമാര്‍, പറത്തറയില്‍ സുനില്‍ദത്ത്, നെടിയത്ത് തങ്കപ്പന്‍ എന്നിവരുടെ വീടുകളിലെത്തി മന്ത്രിമാര്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. അഡ്വ.എ.എം. ആരിഫ് എം.പി., പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ., ജില്ല കളക്ടര്‍ എ. അലക്‌സാണ്ടര്‍, ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. സജീവന്‍ എന്നിവര്‍ മന്ത്രിമാര്‍ക്കൊപ്പമുണ്ടായിരുന്നു.