പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു

പദ്ധതിയുടെ ഉദ്ഘാടനം ഉടന്‍ നടത്തുമെന്ന് അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ

പത്തനംതിട്ട : കോന്നി നിയോജക മണ്ഡലത്തില്‍ നടപ്പാക്കാന്‍ പോകുന്ന കോന്നി ഫിഷ് പദ്ധതി സംസ്ഥാനത്തിനു തന്നെ മാതൃകയാകുന്ന ഒന്നായി മാറുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. കാടിന്റെ മക്കളായ പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവരെ ഗുണഭോക്താക്കളാക്കി നടപ്പാക്കുന്ന പദ്ധതി എന്ന നിലയില്‍ ദേശീയ തലത്തില്‍ തന്നെ ഇത് ശ്രദ്ധിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ലോഗോ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജലകൃഷി വികസന ഏജന്‍സിയുടെ (അഡാക്) എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ടിന് നല്കിയാണ് വനം മന്ത്രി ലോഗോ പ്രകാശനം ചെയ്തത്. തദ്ദേശീയമായി മത്സ്യക്കൃഷി നടത്തി കോന്നി നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്ക് എത്തിക്കുന്നതിനായി അഡ്വ. കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ മുന്‍കൈ എടുത്തു നടപ്പാക്കുന്ന പദ്ധതിയാണിത്.
നിയോജക മണ്ഡലത്തിലെ ജലസംഭരണികളായ ഡാമുകളിലാണ് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജലകൃഷി വികസന ഏജന്‍സി (അഡാക്) മുഖേന പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടമായി കക്കി ഡാമിന്റെ ജലസംഭരണിയിലാണ് പദ്ധതി നടപ്പാക്കുക. 100 പട്ടികവര്‍ഗ വിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇതിലൂടെ ആദ്യഘട്ടത്തില്‍ തന്നെ തൊഴില്‍ ലഭിക്കും.
ഡാമിന്റെ ജലസംഭരണിയില്‍ സ്ഥാപിക്കുന്ന കൂടുകളില്‍ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് വളര്‍ത്തിയെടുക്കുന്ന കേജ് ഫാമിംഗ് സമ്പ്രദായത്തിലൂടെയാണ് മത്സ്യോത്പാദനം നടത്തുക. കക്കി ജലസംഭരണിയില്‍ 100 കൂടുകളാണ് സ്ഥാപിക്കുക. ആറു മീറ്റര്‍ വീതം നീളവും വീതിയുമുള്ള കൂടിന് നാലു മീറ്റര്‍ താഴ്ച ഉണ്ടാകും. കൂട് ജലസംഭരണിയില്‍ നിക്ഷേപിച്ചാല്‍ ജലോപരിതലത്തില്‍ തന്നെ നില്ക്കുന്ന നിലയിലാണ് രൂപകല്പന ചെയ്തിട്ടുള്ളത്. ഒരു കൂട്ടില്‍ 3000 മത്സ്യ കുഞ്ഞുങ്ങളെയാകും നിക്ഷേപിക്കുക. തദ്ദേശീയ മത്സ്യങ്ങളെയാകും കൃഷി ചെയ്യുക.
പട്ടികവര്‍ഗ വിഭാഗത്തില്‍ പെടുന്ന 100 ഗുണഭോക്താക്കളെ സീതത്തോട് ഗ്രാമപഞ്ചായത്തും, വനം വകുപ്പും ചേര്‍ന്ന് കണ്ടെത്തിയിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന്റെ പൂര്‍ണ ചെലവ് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് വഹിക്കും. കൃഷിയില്‍ ഏര്‍പ്പെടുന്ന ഘട്ടത്തില്‍ പരിപാലനത്തില്‍ ഏര്‍പ്പെടുന്ന ഗുണഭോക്താക്കള്‍ക്ക് പ്രതിദിനം 400 രൂപ വീതം വേതനവും ലഭിക്കും. മത്സ്യകൃഷിയിലൂടെയുള്ള ലാഭവും ഗുണഭോക്താക്കള്‍ക്കായിരിക്കും ലഭിക്കുക.
ഡാമിലെ കൃഷിയിലൂടെ ലഭിക്കുന്ന മത്സ്യം മത്സ്യഫെഡ് ഏറ്റെടുത്ത് വിപണനം നടത്തും. ഇതിനായി മത്സ്യഫെഡ് സീതത്തോട്, കോന്നി, കലഞ്ഞൂര്‍ ഉള്‍പ്പടെ നിയോജക മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കോന്നി ഫിഷ് വില്പന കേന്ദ്രങ്ങള്‍ ആരംഭിക്കും. ഡാമുകളില്‍ ഇപ്പോള്‍ നടക്കുന്ന മത്സ്യ ബന്ധനത്തിലൂടെ ശേഖരിക്കുന്ന മത്സ്യവും കോന്നി ഫിഷ് സ്റ്റാളുകളില്‍ ലഭിക്കും. ആദ്യ ഘട്ടമായി കക്കി ഡാമില്‍ നടത്തുന്ന മത്സ്യകൃഷി തുടര്‍ന്ന് മണ്ഡലത്തിലെ ഇതര ഡാമുകളിലും വ്യാപിപ്പിക്കും.
ഗവി സന്ദര്‍ശനത്തിനെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ഡാമിലെ മത്സ്യകൃഷി സന്ദര്‍ശിക്കുന്നതിനുള്ള സൗകര്യമുണ്ടാകും. ഇവിടങ്ങളില്‍ മല്‍സ്യങ്ങള്‍ വാങ്ങുന്നതിനും, പാകം ചെയ്ത് ലഭിക്കുന്നതിനും സൗകര്യം ഏര്‍പ്പെടുത്തും. ടൂറിസ്റ്റുകള്‍ക്ക് ഫിഷിംഗ് നടത്തുന്നതിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തും. പദ്ധതിയുടെ ഉദ്ഘാടനം ഉടന്‍ തന്നെ നടത്തുമെന്ന് എംഎല്‍എ പറഞ്ഞു. എല്ലാ ദിവസവും മത്സ്യത്തിന്റെ വിളവെടുപ്പ് നടത്തത്തക്ക നിലയിലായിരിക്കും മത്സ്യകൃഷി നടത്തുക. ഇതിനായി കൃത്യമായ ഇടവേളകളിലായിരിക്കും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുകയെന്നും എംഎല്‍എ പറഞ്ഞു.
ചടങ്ങില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. എന്‍സിപി സംസ്ഥാന സെക്രട്ടറി മാത്യൂസ് ജോര്‍ജ്, സുനില്‍ മംഗലത്ത്, മറ്റ് ഫിഷറീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.