തൃശൂര്‍ :പ്രഥമ പാരാ മാസ്റ്റേഴ്സ് നാഷ്ണൽ ഇൻഡോർ ഗെയിംസ് തൃശൂരിൽ സമാപിച്ചു. രാജ്യത്ത് ആദ്യമായി 25 വയസിന് മുകളിൽ ശാരീരിക വൈകല്യമുള്ളവർക്കായി സംഘടിപ്പിച്ച പാരാ മാസ്റ്റേഴ്സ് നാഷ്ണൽ ഇൻഡോർ ഗെയിംസിൻ്റെ സമാപന ചടങ്ങും സമ്മാനദാനവും തൃശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ശാരീരിക പരിമിതികളെ അതിജീവിച്ച് കായികക്ഷമത പ്രകടിപ്പിച്ച എല്ലാ കായിക താരങ്ങളെയും അഭിനന്ദിക്കുന്നതായും തുടർന്നുള്ള വർഷങ്ങളിൽ പാരാ മാസ്റ്റേഴ്സ് നാഷ്ണൽ ഗെയിംസ് സംഘടിപ്പിക്കുന്നതിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ആത്മാർത്ഥമായ പരിശ്രമം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
സെപ്തംബർ 1 മുതൽ 3 വരെ തൃശൂർ വി കെ എൻ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിലും അക്വാട്ടിക് കോംപ്ലക്‌സിലുമായി സംഘടിപ്പിച്ച പാരാ മാസ്റ്റേഴ്സ് നാഷ്ണൽ ഇൻഡോർ ഗെയിംസിൽ ബാഡ്മിൻ്റൺ, ഷൂട്ടിംഗ്, പവർലിഫ്റ്റിംഗ്, ടേബിൾ ടെന്നീസ് തുടങ്ങിയ മത്സര ഇനങ്ങളാണ് ഉണ്ടായിരുന്നത്. കേരളത്തിന് പുറമേ തമിഴ്നാട്, ഹരിയാന, മഹാരാഷ്ട്ര, ഡൽഹി, ഒഡീഷ, ബീഹാർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളും മത്സരിച്ചിരുന്നു. ഭിന്നശേഷിക്കാർക്കായി ആദ്യമായി സംഘടിപ്പിച്ച പാരാ മാസ്റ്റേഴ്സ് നാഷ്ണൽ ഗെയിംസ് പാരാ മാസ്റ്റേഴ്‌സ് ഗെയിംസ് ഫെഡറേഷൻ ഇന്ത്യയും ഫിസിക്കലി ചാലഞ്ച്ഡ് ഓൾ സ്‌പോർട്‌സ് അസോസിയേഷൻ കേരളയും സംയുക്തമായാണ് നടത്തിയത്. കേരളത്തിനെ പ്രതിനിദീകരിച്ച് വയനാട്, കൊല്ലം, തൃശൂർ ജില്ലകളിൽ നിന്നുമായി ബാഡ്മിൻ്റൺ ഇനത്തിൽ മത്സരിച്ച ജിറ്റ്നോ (സ്വർണ്ണം), നിബിൻ (സ്വർണ്ണം), സനോജ് (വെള്ളി) തുടങ്ങിയവർ മെഡലുകൾ കരസ്ഥമാക്കി.
ചടങ്ങിൽ തൃശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ചു. പി ബാലചന്ദ്രൻ എംഎൽഎ മുഖ്യാതിഥിയായും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ ആർ സാംബശിവൻ വിശിഷ്ടാതിഥിയായും പങ്കെടുത്തു. ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് ബിന്നി ഇമ്മട്ടി, ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് അസോസിയേഷൻ തൃശൂർ ജില്ലാ പ്രസിഡൻ്റ് കരീം പന്നിത്തടം, ഒളിമ്പിക് അസോസിയേഷൻ സംസ്ഥാന ജോയിൻ സെക്രട്ടറി ടി ടി ജെയിംസ്, ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് മെമ്പർമാരായ ജോയ് വർഗീസ്, എം എം ബാലു, കെ എൽ മഹേഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ മെമ്പർ അഡ്വ. അജിത് ബാബു തുടങ്ങിയവർ പങ്കെടുത്തു. പാര മാസ്റ്റേഴ്സ് ഗെയിംസ് ഫെഡറേഷൻ ദേശീയ പ്രസിഡൻ്റ് എ എം കിഷോർ സ്വാഗതവും പാരാലിമ്പിക്സ് നാഷണൽ മെഡലിസ്റ്റ് എം ജെ റാഫേൽ ജോൺ നന്ദിയും പറഞ്ഞു.