ആലപ്പുഴ: സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടികളുടെ ഭാഗമായി ജില്ലയില്‍ ജില്ല ഭരണകൂടവും വകുപ്പുകളും ചേര്‍ന്ന് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. 100 ദിനത്തില്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും പ്രചാരണവും ഈ കാലയളവില്‍ നടക്കും. ജില്ല തല സ്വാഗത സംഘ രൂപവത്കരണത്തെക്കുറിച്ച് ആലോചിക്കാന്‍ ജില്ല കളക്ടര്‍ എ.അലക്സാണ്ടറുടെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ യോഗം ചേര്‍ന്നു. 100 ദിനത്തിന്റെ ഭാഗമായി ജില്ലയില്‍ 105 പട്ടയങ്ങളുടെ വിതരണം നടക്കും. 1964 ലെ ഭുമി പതിവ് ചട്ടങ്ങള്‍ പ്രകാരം അനുവദിച്ച 27 പട്ടയങ്ങളും 1995 ലെ മുനിസിപ്പല്‍ ഭുമി പതിവ് ചട്ടങ്ങള്‍ പ്രകാരം അനുവദിച്ച 20 പട്ടയങ്ങളും 31 ലാന്റ് ട്രിബ്യൂണല്‍ പട്ടയങ്ങളും ഒരു മിച്ച ഭൂമി പട്ടയവും 26 ദേവസ്വം പട്ടയങ്ങളുമാണ് വിതരണം ചെയ്യുക. ദേവസ്വം പട്ടയം ഒഴികെ ചേര്‍ത്തല താലൂക്കില്‍ 12ഉം കുട്ടനാട് 4 ഉം കാര്‍ത്തികപ്പള്ളിയില്‍ 22 ഉം മാവേലിക്കരയില്‍ 10 ഉം ചെങ്ങന്നൂരില്‍ 11 ഉം അമ്പലപ്പുഴയില്‍ 20 പട്ടയങ്ങളാണ് വിതരണം ചെയ്യുക. എ.ഡി.എം. ജെ.മോബി, ഡെപ്യൂട്ടി കളക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.