ഏകവരുമാന ദായകന്‍ മരണപ്പെട്ടാല്‍ ഉള്ള ധനസഹായം -ജില്ലയില്‍ 28593000 രൂപ വിതരണം ചെയ്തു

എറണാകുളം : നൂറു ദിന കർമ പദ്ധതിയുടെ ഭാഗമായി28593000 രൂപയുടെ സഹായം വിതരണം ചെയ്തു ജില്ലാ പട്ടിക ജാതി വികസന ഓഫീസ്.ആരോഗ്യ സുരക്ഷ പദ്ധതിയുടെയും ഏകവരുമാന ദായകൻ മരണപ്പെട്ടാൽ ഉള്ള ധനസഹായ പദ്ധതിയുടെയും ഭാഗമായാണ് തുക വിതരണം ചെയ്തത്. ജില്ലക്ക് ഈ വിഭാഗങ്ങളിൽ 3.5 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഈ പദ്ധതികളിലൂടെ 654 ഗുണഭോക്താക്കൾക്ക് സഹായധനം ലഭ്യമായി.
ജില്ലയിലെ 14 ബ്ലോക്ക്‌ പട്ടിക ജാതി വികസന ഓഫീസുകളിലൂടെയും 3 മുൻസിപ്പൽ പട്ടിക ജാതി വികസന ഓഫീസുകളിലൂടെയും കൊച്ചി കോർപറേഷൻ പട്ടിക ജാതി വികസന ഓഫീസിലൂടെയും ആണ് ധന സഹായ വിതരണം പരമാവധി പൂർത്തിയാക്കാൻ സാധിച്ചത്. കോവിഡ് സാഹചര്യം മൂലം വിതരണം പൂർത്തിയാവാത്ത ബാക്കി തുക അടുത്ത ദിവസങ്ങളിൽ തന്നെ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടിക ജാതി വിഭാഗങ്ങളിൽ പെട്ട ഗുരുതര രോഗങ്ങൾ ബാധിച്ചവർക്കും അപകടങ്ങൾ സംഭവിച്ചവർക്കും 50000 രൂപ വരെ സഹായം ലഭിക്കും. കാൻസർ, ഹൃദയ ശാസ്ത്രക്രിയ, കിഡ്നി തകരാർ പോലുള്ള രോഗങ്ങൾക്ക് ആശുപത്രി മുഖാന്തിരം ഒരു ലക്ഷം രൂപ വരെ അനുവദിക്കും.
പട്ടികജാതി കുടുംബങ്ങളിലെ ഏക വരുമാനദായകൻ മരണപ്പെട്ട ഒരു ലക്ഷം രൂപയിൽ താഴെ മാത്രം വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്കാണ് പട്ടികജാതി വികസന വകുപ്പ് ധനസഹായം നൽകുന്നത്. 2018 ന് ശേഷം വരുമാനദാതാവ് മരിച്ച കുടുംബത്തിന് രണ്ട് ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. മരണപ്പെട്ടു രണ്ട് വർഷത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. മരണപ്പെട്ട ആളുടെ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, തഹസിൽദാർ നൽകുന്ന ഏക വരുമാനദായക സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ് എന്നിവ സഹിതം ബ്ലോക്ക്‌ പട്ടികജാതി വികസന ഓഫീസിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്