ആയുഷ് മിഷൻ ഹരിത കേരളം മിഷന്റെ സഹായത്തോടെ ജില്ലയിലെ സർക്കാർ ആയുർവേദം, ഹോമിയോപ്പതി, യുനാനി ഡിസ്‌പെൻസറികളിൽ ഔഷധത്തോട്ടം ഒരുക്കുന്നു. ആദ്യഘട്ടത്തിൽ ജില്ലയിൽ സെപ്റ്റംബർ 15 ന് അമ്പലത്തുകര ഗവ. ആയുർവേദ ഡിസ്‌പെൻസറി, മൊഗ്രാൽ ഗവ. യുനാനി ഡിസ്‌പെൻസറി,ഗവ. ഹോമിയോ ഡിസ്‌പെൻസറി ചിറ്റാരിക്കാൽ, ഗവ. ആയുർവേദ ഡിസ്‌പെൻസറി പരപ്പ, ഗവ. ആയുർവേദ ഡിസ്‌പെൻസറി മാലോത്ത്, ഗവ. ആയുർവേദ ഡിസ്‌പെൻസറി ബേളൂർ എന്നിവിടങ്ങളിൽ പദ്ധതിക്ക് തുടക്കമാകും. സമൂഹത്തിൽ ഔഷധച്ചെടികളെപ്പറ്റി അവബോധം വളർത്തി സംരക്ഷിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. തെരഞ്ഞെടുത്ത സ്ഥാപനങ്ങളിൽ ചെടിച്ചട്ടികളിൽ ഔഷധചെടികൾ നട്ട് സംരക്ഷിക്കുക, ഒരോ ചെടിയുടെയും ഔഷധ ഗുണങ്ങൾ, ശാസ്ത്രീയ നാമം എന്നിവ പ്രദർശിപ്പിക്കുക എന്നിവയാണ് പ്രധാനമായും ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നത്.
ആയുഷ് മിഷൻ ജില്ലാ മാനേജർ ഡോ.കെ.സി. അജിത് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന ജില്ലാതലയോഗത്തിൽ ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ എം.പി. സുബ്രഹ്മണ്യൻ പദ്ധതി വിശദീകരണം നടത്തി. ഐ.എസ്.എം. ഡി.എം.ഒ ഡോ. സ്റ്റെല്ല ഡേവിഡ്, ഡി.എം.ഒ ഹോമിയോ ഡോ. അശോക് കുമാർ, പദ്ധതി നടപ്പിലാക്കുന്ന സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർ, ഹരിത കേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺമാർ എന്നിവർ സംസാരിച്ചു.
സംസ്ഥാനതലത്തിൽ 90 സർക്കാർ ഡിസ്പൻസറികളിലാണ് ഔഷധതോട്ടം നിർമ്മിക്കുക. ആയുഷ് ഡയറക്ടർ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഹരിത കേരളം മിഷൻ സംസ്ഥാന ഓഫീസിലെ കൺസൾട്ടന്റുമാരും, ജില്ലാ കോ ഓർഡിനേറ്റർമാരും ആയുഷ് മിഷനിലെ ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിച്ചു.
