തൃത്താല, ഷൊർണ്ണൂർ എന്നിവിടങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി തൃത്താല ഗ്രാമപഞ്ചായത്ത് ഹാളിൽ ജില്ലാ കലക്ടർ മൃൺമയി ജോഷിയുടെ അധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നിലവിലെ സാഹചര്യം വിലയിരുത്തി. കോവാക്സിനോട് ജനങ്ങൾ വിമുഖത കാണിക്കുന്നതിനാൽ ഇതു സംബന്ധിച്ച് ബോധവത്ക്കരണം നടത്താൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ നിർദേശം നൽകി.
വീടുകളിൽ ഒരാൾ പോസിറ്റീവ് ആയാൽ എല്ലാവരും പോസിറ്റീവ് ആകുന്ന സാഹചര്യം ഉള്ളതിനാൽ കോവിഡ് ബാധിതർ നിർബന്ധമായും ഡി.സി.സിയിലേക്കോ സി. എഫ്.എൽ.ടി.സി യിലേക്കോ മാറണമെന്നും ജില്ലാ കലക്ടർ നിർദേശിച്ചു. വിവിധ ഭാഗങ്ങളിൽ വാക്സിനേഷൻ മെഗാ ക്യാമ്പ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. പി. മമ്മിക്കുട്ടി എം.എൽ.എ, സ്പീക്കർ എം.ബി രാജേഷിന്റെ പ്രതിനിധി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ പി റീത്ത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, നഗരസഭാ പ്രതിനിധികൾ, മെഡിക്കൽ ഓഫീസർമാർ, ആശാവർക്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.