അസാധ്യമായതൊന്നുമില്ലെന്നും പരിശ്രമിച്ചാൽ എല്ലാം സാധ്യമാണെന്നും തെളിയിക്കുകയാണ് ഭിന്നശേഷിക്കാർക്കായി വെള്ളിമാടുകുന്നിൽ പ്രവർത്തിക്കുന്ന പുണ്യഭവൻ (എച്ച്.എം.ഡി.സി പ്രൊജക്റ്റ്‌ ). 18 വയസ്സിൽ താഴെയുള്ള കുട്ടികളുടെ സംരക്ഷണം, പരിശീലനം, വിദ്യാഭ്യാസം, പുനരധിവാസം എന്നിവ ഉറപ്പുവരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് പുണ്യഭവന്റെ ലക്ഷ്യം.

സാമൂഹ്യനീതി വകുപ്പിനു കീഴിൽ അഗതികളോ നിരാശ്രയരോ ആയിട്ടുള്ള കുട്ടികളുടെ ഉന്നമനത്തിനായി 1976 ലാണ് എച്ച്.എം.ഡി.സി ആരംഭിച്ചത്. സർക്കാർ വിവിധ സാമൂഹ്യ നീതി സ്ഥാപനങ്ങൾ നവീകരിക്കുന്നതിൻ്റെ ഭാഗമായി 2021 ഫെബ്രുവരിയിൽ അന്നത്തെ ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തതോടെയാണ് മെച്ചപ്പെട്ട സൗകര്യങ്ങൾ ഇവിടെ ലഭ്യമാവുന്നത്. പിന്നീടാണ് പുണ്യഭവൻ എന്നറിയപ്പെടുന്നത്. നിലവിൽ ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിങ് പ്രമോഷൻ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ.

ഭിന്നശേഷിക്കാർക്ക് അടിസ്ഥാനമായി നൽകുന്ന സൗകര്യങ്ങൾക്കൊപ്പം തന്നെ കുട്ടികളുടെ പ്രശ്നങ്ങൾ ശാസ്ത്രീയമായി മനസ്സിലാക്കി കൂടുതൽ ടെക്നിക്കൽ സ്റ്റാഫിനെ നിയമിച്ചുകൊണ്ട് മാനസികവും ശാരീരികവുമായ വളർച്ചക്കൊപ്പം കലാകായിക, വിദ്യാഭ്യാസ മേഖലകളിലും കുട്ടികളെ പ്രാപ്തരാക്കുന്നുണ്ട് പുണ്യഭവൻ.

ഇവിടത്തെ പുതിയ പദ്ധതിയായ ആല അഥവാ ആർട്ട് ഓഫ് ലവ് എന്ന നൈപുണ്യ വികസന ശാലയിലൂടെ സ്പെഷ്യൽ എഡ്യൂക്കേറ്റർ നിഷാദിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ചിത്രരചനകൾ, കരകൗശല സാധനങ്ങളുടെ നിർമ്മാണം, മൺപാത്ര നിർമ്മാണം ആലയോട് ചേർന്നുള്ള പച്ചക്കറി കൃഷി എന്നിങ്ങനയുള്ള വിവിധ മേഖലകളിലൂടെ ഓരോ കുട്ടികളുടെയും കഴിവുകൾ പ്രത്യേകം തിരിച്ചറിയും. ഇതിലൂടെ കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിച്ചു അവരുടെ മെച്ചപ്പെട്ട പെരുമാറ്റം സാധ്യമാക്കുന്നു.

26 കുട്ടികളാണ് ഇവിടെയുള്ളത്. കുട്ടികൾ തങ്ങളുടെ ഭാവിയെപ്പറ്റി സംസാരിക്കാനും ചിലർ സ്വന്തമായി ജോലി ചെയ്യാനുള്ള ആഗ്രഹങ്ങളും പ്രകടിപ്പിക്കുന്നു. എച്ച്.എൽ.എഫ് കമ്പനി കുട്ടികൾക്ക് ജോലി വാഗ്ദാനവും നൽകിയിട്ടുണ്ട്. ഓരോ സമയത്തും കുട്ടികൾക്ക് കുറവുള്ള സൗകര്യങ്ങൾ കണ്ടെത്തി അതിനു പരിഹാരം കാണാനായി സൂപ്രണ്ട് വി.ജി ജയകുമാറിന്റെയും, എച്ച്.എൽ എഫ് ന്റെയും നേതൃത്വത്തിൽ ജീവനക്കാരുടെ മികച്ചൊരു ടീം തന്നെ ഇവിടെയുണ്ട്.