ഫിഷറീസ് വകുപ്പ്, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് എന്നിവ സംയുക്തമായി നടപ്പാക്കുന്ന ജനകീയ മത്സ്യ കൃഷി രണ്ടാം ഘട്ടം പദ്ധതിയുടെ ഭാഗമായ റീ സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം (RAS) മത്സ്യകൃഷി പദ്ധതിയുടെ വിളവെടുപ്പ് നടത്തി. മത്സ്യ വിളവെടുപ്പ് ഉദ്ഘാടനം പി. പി. സുമോദ് എം.എൽ.എ നിർവഹിച്ചു. ഫിഷറീസ് വകുപ്പ് മുഖേന 2020 ഡിസംബറിൽ 4000 ഗിഫ്റ്റ് മത്സ്യ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. 8 മാസം പ്രായമായ 750 ഗ്രാം മുതൽ ഒരു കിലോ തൂക്കം വരുന്ന ഗിഫ്റ്റ് തിലാപിയ മത്സ്യങ്ങളെയാണ് വിളവെടുത്തത്. മത്സ്യക്കൃഷിക്ക് ഉപയോഗിക്കുന്ന ജലം പുനചംക്രമണം നടത്തി അതിലടങ്ങിയ മത്സ്യവിസര്‍ജ്യങ്ങളിലെ അമോണിയയെ വിഘടിപ്പിച്ച് ചെടികള്‍ക്ക് വലിച്ചെടുക്കാവുന്ന നൈട്രേറ്റ് ആക്കി മാറ്റി ഒരേ സമയം സസ്യവിളകളും, മത്സ്യവും വളര്‍ത്തിയെടുക്കാവുന്ന സംയോജിത കൃഷിയാണ് അക്വാപോണിക്സ്‌ പദ്ധതിയിലൂടെ ചെയ്യുന്നത്. പദ്ധതിയിൽ ഉൾപ്പെട്ട കർഷകൻ വടക്കഞ്ചേരി വള്ളിയോട് മായിത്തറ സെബാസ്റ്റ്യൻ ആന്റണിയുടെ കൃഷിയിടത്തിലാണ് വിളവെടുപ്പ് നടത്തിയത്. പരിപാടിയിൽ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സുരേഷ് അധ്യക്ഷയായി.

ആലത്തൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വനജ രാധാകൃഷ്ണൻ, വടക്കഞ്ചേരി ഗ്രാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അഡ്വ. മുരളി, വാർഡ് അംഗം എ.എം. സേതുമാധവൻ, കെ കുമാരൻ, കെ ഗോവിന്ദൻ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. വി. സുഗന്ധകുമാരി, അക്വാകൾച്ചർ പ്രൊമോട്ടർ കെ. കൃഷ്ണദാസ്, ആലത്തൂർ മത്സ്യഭവൻ പ്രൊജക്റ്റ്‌ കോ – ഓഡിനേറ്റർ കെ.എ. അജീഷ്, അക്വാകള്‍ച്ചര്‍ പ്രൊമോട്ടർമാരായ നിധിമോൻ. എം കലാധരൻ. എം ജി. ശ്രുതിമോൾ, ശ്രീമതി. ആർ. പ്രിയങ്ക എന്നിവർ പങ്കെടുത്തു.