സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ നടത്തിയ മത്സ്യകൃഷി വിളവെടുപ്പ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. ഗുണമേന്മയുള്ള മത്സ്യം എല്ലാ പ്രദേശത്തും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍, ഫിഷറീസ് വകുപ്പ് മുഖേന വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സുഭിക്ഷ കേരളം പദ്ധതിയുള്‍പ്പെടെ കര്‍ഷക വികസനം ലക്ഷ്യം വച്ച് നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ജലവിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ കൃഷിയിടങ്ങളില്‍ ജലസേചനത്തിനായി കെ.എം മാണി ഊര്‍ജിത കാര്‍ഷിക വികസന ജലസേചന പദ്ധതി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

കാമാക്ഷി പഞ്ചായത്തില്‍ ഉപ്പുതോട് സ്വദേശി കൊച്ചുറാണി മാത്യുവിന്റെ മത്സ്യ വിളവെടുപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഫിഷറിസ് വകുപ്പ് നടപ്പിലാക്കി വരുന്ന പ്രധാനമന്ത്രി മത്സ്യസംപദ യോജന പദ്ധതിയില്‍ ബയോഫ്‌ളോക്ക് മത്സ്യകൃഷി രീതിയാണ് കൊച്ചുറാണി സ്വീകരിച്ചിരിക്കുന്നത്. മിശ്രകൃഷി നടത്തുന്ന കൊച്ചുറാണിയെയും കുടുംബത്തെയും ഫലകം നല്‍കി മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിച്ചു.

യോഗത്തില്‍ കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോസഫ് അദ്ധ്യഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി തോമസ്, ഗ്രാമപഞ്ചായത്തംഗം എം.ജെ ജോണ്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ.ജോയ്‌സ് എബ്രഹാം, ഇടുക്കി ഫിഷറീസ് എക്‌സറ്റന്‍ഷന്‍ ഓഫീസര്‍ പി.കണ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.