കോവിഡ് വ്യാപനം കുറഞ്ഞ് വിദ്യാലയങ്ങൾ പുനരാരംഭിക്കുന്നതിന് മുൻപ് വിദ്യാർത്ഥികൾക്ക് വേണ്ട അവശ്യ സാമഗ്രികൾ സജ്ജമാക്കി ചാവക്കാട് നഗരസഭ. ഇതിന് മുന്നോടിയായി നഗരസഭയിലെ സ്കൂളുകളിലേക്ക് ഫർണീച്ചറുകളും പ്രൈമറി, പ്രീ പ്രൈമറി സ്കൂളുകളിലേക്ക് കളിയുപകരണങ്ങളും വിതരണം ചെയ്തു. ചാവക്കാട് നഗരസഭ ജനകീയാസൂത്രണ പദ്ധതി 2020-21ൽ ഉൾപ്പെടുത്തി 13 ലക്ഷം ചെലവിട്ടാണ് സ്കൂളുകൾക്ക് ഉപകരണങ്ങൾ നൽകിയത്. ജി എം എൽ പി എസ് പുന്ന, ജി എം എൽ പി എസ് തിരുവത്ര, ജി എഫ് യു പി എസ് പുത്തൻകടപ്പുറം, ജി എഫ് യു പി എസ് ബ്ലാങ്ങാട്, ജി എച്ച് എസ് മണത്തല തുടങ്ങി അഞ്ച് സ്കൂളുകളിലേക്കാണ് അവശ്യ വസ്തുക്കൾ നൽകിയത്. എസ് സി വിദ്യാർത്ഥികൾക്ക് 1,40,000 രൂപയ്ക്ക് 28 സെറ്റ് മേശ, കസേര എന്നിവ നൽകി. കൂടാതെ സ്കൂളികളിലേക്ക് 55 സെറ്റ് ഡസ്‌ക്കും ബെഞ്ചും വാട്ടർ പ്യുരിഫയർ വിത്ത് കൂളർ, ബാൻഡ് സെറ്റ് എന്നിവയുടെയും പ്രീ പ്രൈമറി സ്കൂളുകളിലേക്ക് സീസോ, മെറിഗോ റൗണ്ട് തുടങ്ങിയ കളിയുപകരണങ്ങളും നൽകി.

ഉപകരണങ്ങളുടെ വിതരണോദ്ഘാടനം എൻ കെ അക്ബർ എംഎൽഎ നിർവഹിച്ചു. ചാവക്കാട് നഗരസഭ  ചെയർപേഴ്‌സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ കെ കെ മുബാറക്, സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, എ വി മുഹമ്മദ്‌ അൻവർ, പ്രസന്ന രണദിവെ, ബുഷറ ലത്തീഫ്, കൗൺസിലർ ബേബി ഫ്രാൻസിസ്, നഗരസഭ കൗൺസിലർമാർ, സെക്രട്ടറി കെ ബി വിശ്വനാഥൻ എന്നിവർ പങ്കെടുത്തു. ജി.എം.എൽ.പി.എസ് തിരുവത്ര റിട്ടയേർഡ് എച്ച് എം ലിസ്സി റിപ്പോർട്ട്‌ അവതരിപ്പിച്ചു.